പി.ബി അംഗങ്ങളെ തിരുത്താന്‍ പാർട്ടിക്കുള്ളില്‍ വാളെടുത്ത് എം.എ ബേബി

Jaihind Webdesk
Saturday, October 31, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിവാദങ്ങളില്‍ നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ സിപിഎം നേതാവ് എം.എ ബേബി. ഉദ്യോഗസ്ഥരോ പാർട്ടിക്ക് പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽപ്പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്‍റെ ഭവിഷ്യത്ത് നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കൾക്കും ഇത് ബാധകമാണ്. ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടേയും പേര് പറയാതെയാണ് അദ്ദേഹത്തിന്‍റെ വിമർശനം.

ഒരു പൊളിറ്റ്ബ്യൂറോ മെമ്പർ മറ്റ് രണ്ട് പൊളിറ്റ്ബ്യൂറോ മെമ്പർമാരെ തിരുത്തുകയും വിമർശിക്കുന്നതുമാണ് വരികള്‍ക്കിടയിലൂടെ പോസ്റ്റ് വായിച്ചാല്‍ വ്യക്തമാകുന്നത്. പി.ബി അംഗങ്ങള്‍ക്കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയുമാണ് ബേബി ലക്ഷ്യമിടുന്നത്.  കഴിഞ്ഞകുറേ വർഷങ്ങളായി കണ്ണൂർ ലോബിയുടെ ജീർണ്ണത പാർട്ടിയെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണെന്ന് പാർട്ടിക്കുള്ളില്‍ത്തന്നെ വിമർശനം ഉയർന്നിരുന്നെങ്കിലും ആരും ഇതിനെ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ബേബിയുടെ മുഖപുസ്തകത്തിലൂടെയുള്ള വിമർശനം താത്വികമാണെങ്കിലും അത് കൊള്ളുന്നത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നേരെയാണ് എന്നത് വ്യക്തം.

എന്തായാലും മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കറിന്‍റെയും പാർട്ടി സെക്രട്ടറിയുടെ മകന്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായതും അത്ര എളുപ്പം സാധാരമ പാർട്ടിപ്രവർത്തകന് ദഹിക്കുന്നതല്ല. ന്യായവാദങ്ങളും സംഭവത്തെ പ്രതിരോധിക്കാന്‍ പാർട്ടിമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സഖാക്കള്‍ തയ്യാറാകുന്നുണ്ടെങ്കിലും അരിയാഹാരം കഴിക്കുന്ന സാധാരണ സഖാക്കളും പൊതുസമൂഹവും ഇതൊന്നും വിശ്വസിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പശ്ചാത്തലത്തിലാണ് പി.ബി അംഗം കൂടിയായ എംഎ ബേബി പരോക്ഷ വിമർശനവുമായി മുഖംവികൃതമായ ഭരണത്തെയും പാർട്ടിയേയും മുഖപുസ്തകത്തിലൂടെ സന്ദേശം നല്‍കിയത്.