സംസ്കൃത സർവ്വകലാശാലയിൽ ബിഎ തോറ്റവർക്കും എംഎ ക്ക് പ്രവേശനം : ചട്ട വിരുദ്ധമായി പ്രത്യേക പരീക്ഷ

Jaihind Webdesk
Thursday, December 16, 2021

.

തിരുവനന്തപുരം :സംസ്കൃത സർവകലാശാലയിൽ ബിഎ തോറ്റവർ എംഎ യ്ക്ക് പഠിക്കുന്നതായി പരാതി. വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നാൽ കരാർ അധ്യാപക തസ്തികകൾ കുറയുകയും കരാർ അധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യും. അത്‌ ഒഴിവാക്കാനാണ് ബിഎ പാസ്സാകാത്തവർക്ക് എംഎക്ക് പ്രവേശനം നൽകിയതെന്നാണ് വിവരം.

ബിരുദ പരീക്ഷകളുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് എംഎ ക്ക് താൽക്കാലികമായി പ്രവേശനം നൽകാനും പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ബിരുദപരീക്ഷ ജയിച്ചതായ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നുമുള്ള വ്യവസ്ഥയിലാണ് പ്രവേശനം നൽകിയത്.

എന്നാൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ വലിയൊരു പങ്കും ബിഎ പരീക്ഷയിൽ പരാജയപ്പെട്ടു. പരാജയപ്പെട്ടവർ ചട്ടപ്രകാരം അടുത്ത വർഷത്തെ സപ്പ്ളിമെന്‍ററി പരീക്ഷ എഴുതണമെന്നതാണ് വ്യവസ്ഥ.

സെപ്തംബറിൽ ആരംഭിച്ച എം.എ ക്ലാസ്സുകളിൽ തോറ്റ വിദ്യാർഥികളോട് പഠനം തുടരാൻ സർവകലാശാല അനുവദിച്ചിരിക്കുകയാണ്. തോറ്റവർക്ക് വേണ്ടി സർവ്വകലാശാല ചട്ടങ്ങൾ മറികടന്ന് പ്രത്യേക പുന:പരീക്ഷ നടത്താനും തീരുമാനിച്ചിരിക്കുകയാണ്. ചട്ട വിരുദ്ധമായി നടത്തുന്ന ഈ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികളെയും ജയിപ്പിച്ച് എംഎ ക്ക് തുടർന്നു പഠിക്കാൻ അനുവദിക്കാനാണ് സർവകലാശാലയുടെ നീക്കം.

ഇതുവഴി കുട്ടികളുടെ എണ്ണത്തിലെ കുറവ് പരിഹരിച്ചു് കരാർ അധ്യാപകരെ നിലനിർത്തുകയാണ് ലക്ഷ്യം. തോറ്റ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേക പുന:പരീക്ഷ നടത്തുന്നത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, പുന പരീക്ഷ റദ്ദാക്കണമെന്നും, തോറ്റവർക്ക് തുടർപഠനം അനുവദിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി, സംസ്കൃത സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.