കെഎസ്ആർടിസിയെ തകർക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ല : എം വിന്‍സെന്‍റ് എംഎല്‍എ

Jaihind Webdesk
Tuesday, May 24, 2022

സാധാരണ ജനങ്ങളുടെ ഗതാഗത മാർഗ്ഗമായ കെഎസ്ആർടിസിയെ തകർക്കാനുള്ള സർക്കാരിന്‍റെ നീക്കങ്ങൾ അനുവദിക്കില്ലായെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎന്‍ടിയുസി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ്  എം.വിൻസെന്‍റ് എംഎൽഎ പറഞ്ഞു. നിലവിലെ കെഎസ്ആർടിസിയുടെ അവസ്ഥയ്ക്ക് കാരണം തെറ്റായ പരിഷ്കരണങ്ങൾ തന്നിഷ്ടപ്രകാരം നടപ്പിലാക്കിയ സർക്കാരും മാനേജ്മെന്‍റും മാത്രമാണെന്നും അതിന്‍റെ പാപഭാരം തൊഴിലാളികളുടെ തലയിൽ കെട്ടിവച്ച് കൈകഴുകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വ്യക്തമായ പഠനങ്ങൾ നടത്താതെയുള്ള പരിഷ്കരണങ്ങളിൽ നിന്നും മാനേജ്മെന്‍റ്  പിന്തിരിയണമെന്നും തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും എംഎൽഎ പറഞ്ഞു. ശമ്പളം നൽകാൻ പ്രതിമാസം 78 കോടി രൂപ മതിയെന്നിരിക്കേ കഴിഞ്ഞ മാസത്തെ കെഎസ്ആർടിസിയുടെ ആകെ വരുമാനം 170 കോടിയോളം രൂപയാണ് അതിൽ നിന്നും ഡീസലിനുള്ള തുക മാറ്റി വെച്ചാൽ പോലും തൊഴിലാളികൾക്ക് ക്യത്യമായി പ്രതിമാസ വരുമാനത്തിൽ നിന്നും ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കഴിയുമായിരുന്നൂ. എന്നിട്ടും വരുമാനം കുറവാണെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ മാസത്തെ ശംബളം ഈ മാസം 20നാണ് മാനേജ്മെന്‍റ്  തൊഴിലാളികൾക്ക് നൽകിയത്.

മാനേജ്മെന്‍റ് പറയുന്ന റൂട്ടുകളിൽ അവർ പറയുന്ന സമയത്ത് സർവ്വീസ് നടത്തിയാണ് തൊഴിലാളി എല്ലാ ദിവസങ്ങളിലും കോടികൾ കളക്ഷൻ ഉണ്ടാക്കി അടയ്ക്കുന്നത്, ഈ സാഹചര്യത്തിലും വരുമാനം ഇല്ലായെന്ന് പറഞ്ഞു തൊഴിലാളികളുടെ അടിസ്ഥാന ആവശ്യമായ ശംബളം നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലാ എന്ന് എം.വിൻസെന്‍റ് പ്രസ്താവിച്ചു. കെ-സ്വിഫ്റ്റിന് വേണ്ടി കെഎസ്ആർടിസിയെ നശിപ്പിക്കാനാണ് ശ്രമമെന്നും, പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും സർക്കാരെന്ന് അവകാശപ്പെട്ട് വോട്ട് തേടി അധികാരത്തിൽ വന്ന ഇടതുപക്ഷം മൊതലാളിത്ത നയങ്ങളുടെ മൊത്ത കച്ചവടക്കാരായി മാറുന്നത് ഇന്ന് കേരളം മനസ്സിലാക്കുന്നെന്നും അത് ഉൾപ്പടെ പ്രതിഫലിപ്പിക്കുന്ന വിധിയാകും ത്യക്കാക്കര തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെഎസ്ആർടിസിക്ക് കഴിഞ്ഞ 6 വർഷമായി പുതിയ ബസ്സുകൾ വാങ്ങി നൽകാൻ തയ്യാറാകാത്ത സർക്കാർ ഇപ്പോൾ കോടികൾ മുടക്കി കെ-സ്വിഫ്റ്റിന് വേണ്ടി ബസ്സുകൾ വാങ്ങാൻ തയ്യാറാകുന്നത് കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടാണോ എന്ന് പൊതുസമൂഹം തിരിച്ചറിയും. ഇത്തരത്തിലുള്ള നിലപാടുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ പൊതുജനത്തിനേയും തൊഴിലാളികളേയും അണിനിരത്തി ശക്തമായ സമരത്തിന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ തയ്യാറാകുമെന്നും എംഎൽഎ അറിയിച്ചു.