ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി മണ്ഡപം ഒരുക്കി സിപിഎം; ഗോവിന്ദന്‍ എത്തിയില്ല, ഉദ്ഘാടനം ചെയ്തത് എം.വി. ജയരാജന്‍

 

കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകർക്കായുള്ള രക്തസാക്ഷി സ്മാരക മന്ദിര ഉദ്ഘാടന ചടങ്ങില്‍ നിന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിട്ടു നിന്നു. എം.വി. ഗോവിന്ദന്‍ എത്താത്തതിനാല്‍ എം.വി. ജയരാജൻ രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്തു. ബോബ് നിർമ്മാണത്തിനിടെ മരിച്ചവരെ രക്തസാക്ഷികളാക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായെന്നാണ് സൂചന.

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂർ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിർമ്മിച്ചത്. സ്മാരകം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പറഞ്ഞത്. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം സ്ഫോടനത്തിൽ പ്രവർത്തകർക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കൾ പറയും. തൊട്ടടുത്ത വർഷം അവരെ രക്തസാക്ഷിപ്പട്ടികയിൽ ചേർക്കും. പിന്നീട് അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്‍റെ പതിവ്.

കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ 6-നാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത്. എന്നാൽ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്‍റെയും സുബീഷിന്‍റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമർശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലാണ് സംസ്കരിച്ചത്.

2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മ‌ാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. ബോംബ് നിർമ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം.

Comments (0)
Add Comment