സ്വർണക്കടത്ത് : സ്പീക്കറെ തല്‍സ്ഥാനത്ത് നിന്നും നീക്കണം : നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി എം. ഉമ്മര്‍ എംഎല്‍എ

Jaihind News Bureau
Thursday, July 16, 2020

നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്ത് നിന്നും  നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 65 പ്രകാരം അഡ്വ. എം.ഉമ്മര്‍ എംഎല്‍എ. നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത്‌നിന്നും നീക്കം ചെയ്യുന്നതിന് ഭരണഘടനയുടെ 179-ആം അനുച്ഛേദം (സി) ഖണ്ഡപ്രകാരമാണ് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുള്ള  വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും,  സ്വര്‍ണ്ണക്കടത്ത് കേസിലെ  ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്‍റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവും, സഭയ്ക്ക് അപകീര്‍ത്തികരവും പവിത്രവുമായ നിയമസഭയുടെ അന്തഃസ്സിനും ഔന്നത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണ്.   ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്‍റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്‍റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടതിനാല്‍ പി. ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്ന് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.