മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം.ശിവശങ്കർ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായി; ഇടത് സര്‍ക്കാരിന്‍റെ കാലത്ത് അര്‍ഹരെ മറികടന്ന് കണ്‍ഫേര്‍ഡ് ഐഎഎസ് സ്വന്തമാക്കി; രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്| VIDEO

Jaihind News Bureau
Friday, July 10, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായി. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇ.കെ.നയനാര്‍ മുഖ്യമന്ത്രിയുമായിരിക്കെ അര്‍ഹരെ മറികടന്ന് ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐഎഎസ് സ്വന്തമാക്കുകയായിരുന്നു. ഇതിന്‍റെ രേഖകള്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടു.

2000-ല്‍ യു.പി.എസ്.സി ആന്‍ഡ് ഡി.ഒ.പി.ടി കേരളത്തില്‍ 5 ഒഴിവുകളാണ് നോട്ടിഫൈ ചെയ്തത്. ചട്ടപ്രകാരം 5 ഒഴിവുകളിലേക്കായി 15 പേരുടെ ലിസ്റ്റാണ് നല്‍കേണ്ടിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ശിവശങ്കറിന്‍റെ പേര് ഉണ്ടായിരുന്നില്ല. 17 ാം സ്ഥാനത്തായിരുന്നു ശിവശങ്കര്‍ ഇടംപിടിച്ചിരുന്നത്.

17-ാം സ്ഥാനക്കാരനായ ശിവശങ്കറിന് ഐ.എ.എസ് നല്‍കുന്നതിനായി ലിസ്റ്റിലുള്ള 15-ാമത്തെ പേരുകാരനായ ഡെപ്യൂട്ടി കളക്ടര്‍ കെ.നടേശനെ കൃത്രിമമായും നിയമവിരുദ്ധമായും സസ്പെന്‍ഡ് ചെയ്തു. ഇതിനു ശേഷമാണ് പതിനഞ്ചാമനായി ശിവശങ്കറിനെ ഉള്‍പ്പെടുത്തിയത്. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ 5 വര്‍ഷം കൂടി കഴിഞ്ഞ് 2005 ല്‍ മാത്രമേ ശിവശങ്കറിന് ഐ.എ.എസ് ലഭിക്കുമായിരുന്നുള്ളൂ.

അന്നത്തെ യു.പി.എസ്.സി സെക്രട്ടറി, യു.പി.എസ്.സി ചെയര്‍മാന്‍, ഡി.ഒ.പി.ടി സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, എന്നിവരെ അനധികൃതമായി സ്വാധീനിച്ചാണ് എം.ശിവശങ്കര്‍ ഐ.എ.എസ് സ്വന്തമാക്കിയത്.

ഡെപ്യൂട്ടി കളക്ടറായിരുന്ന കാലഘട്ടത്തില്‍ ഇടത് സര്‍ക്കാരിനും സിപിഎമ്മിനും വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിന്റെ പ്രത്യുപകാരമായാണ് ശിവശങ്കറിനെ തേടി ഐഎഎസ് പദവി എത്തിയത്. ഇതിനുശേഷം ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയന്‍ പ്രതിസ്ഥാനത്തുള്ള ലാവലിന്‍ കേസിലടക്കം അനുകൂലമായ നിലപാടുകള്‍ ശിവശങ്കർ കൈക്കൊണ്ടു. ഇതോടൊപ്പം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സുപ്രധാന ഫയലുകളെല്ലാം മറച്ചുവെച്ചുവെന്ന ആരോപണവും ബലപ്പെടുകയാണ്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ഐടി സെക്രട്ടറി എം ശിവശങ്കര്‍ പുലര്‍ത്തിയിരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ ജയ്ഹിന്ദ് ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു.