എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി

Jaihind News Bureau
Monday, September 14, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലയളവ് നീട്ടി സർക്കാർ ഉത്തരവിറക്കി. സസ്പെൻഷൻ പുനപരിശോധിക്കാൻ രൂപം നൽകിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സിവിൽ സർവ്വീസ് ചട്ടത്തിലെ 3 (8) സി വകുപ്പ് പ്രകാരമാണ് സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സസ്പെൻഷൻ പുനപരിശോധിക്കാൻ ചീഫ് സെക്രട്ടറി അടങ്ങുന്ന മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ഇവർ നൽകിയ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 15 മുതൽ 120 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. മൂന്നംഗ സമിതി നൽകിയ റിപ്പോർട്ട് പ്രകാരം ചീഫ് സെക്രട്ടറി തന്നെയാണ് റിപ്പോർട്ട് പുറത്തിറക്കിയിട്ടുള്ളത്.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ഇതിനായി സർക്കാർ നിയോഗിച്ചത്. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെല്ലാം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ഇതിനു പുറമേ നിലവിൽ മന്ത്രി കെ.ടി ജലീലിനെയും കേസിൽ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുത്താൽ സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.

teevandi enkile ennodu para