സ്വർണ്ണക്കടത്ത് : എം.ശിവശങ്കർ ഹൈക്കോടതിയിൽ മുന്‍കൂർ ജാമ്യഹർജി നൽകി

Jaihind News Bureau
Wednesday, October 14, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.

അതേസമയം ശിവശങ്കർ നൽകിയ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ്  തീരുമാനം. മൊഴികളിൽ വൈരുധ്യങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കസ്റ്റംസ് നടപടി. അന്വേഷണ സംഘത്തിന് മുമ്പാകെ  നൽകിയ മൊഴിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ശിവശങ്കറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് കസ്റ്റംസ് തീരുമാനം. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ക്ക്  നൽകിയ മൊഴി കൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫീസിൽ 22 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍  കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്തുനല്‍കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായും  ഉണ്ടായിരുന്നത്. ഇവയ്ക്കെല്ലാം മറുപടി നല്‍കിയെങ്കിലും   മൊഴി അന്വേഷണ ഉദ്യോഗസ്ഥർ പൂർണ്ണമായും മുഖവിലക്കെടുത്തിട്ടില്ലന്നാണ് കസ്റ്റംസിൽ നിന്നും ലഭിക്കുന്ന സൂചന.

പല കാര്യങ്ങളും ശിവശങ്കർ മറച്ചുവെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൗഹൃദം മാത്രമാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ അദ്ദേഹം മാറ്റി. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ ബോധപൂർവ്വം ശിവശങ്കറിനെ കരുവാക്കിയതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നു.എന്നാല്‍ സ്വർണ്ണക്കടത്തടക്കം പ്രതികള്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ശിവശങ്കർ അറിഞ്ഞിട്ടുണ്ടെങ്കില്‍ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ പോയേക്കാം എന്നാണ് സൂചന. കസ്റ്റംസിന് നൽകിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് നിലവിൽ അന്വേഷണ സംഘത്തിന്‍റെ തീരുമാനം.