എം ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു; കിടത്തി ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്

Jaihind News Bureau
Monday, October 19, 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ശിവശങ്കറിന് കിടത്തി ചികിത്സയുടെ ആവശ്യമില്ലെന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ആശുപത്രിയിൽ നിന്നം ഡിസ്ചാർജ് ആയ ശിവശങ്കർ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ വിശ്രമിക്കാനാണ് ശിവശങ്കറിന്‍റെ തീരുമാനം. ഡോളർക്കടത്ത് കേസിൽ വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന തീരുമാനം ശിവശങ്കറിന് താത്ക്കാലിക ആശ്വാസം നൽകിയിരിക്കുകയാണ്.

ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയത്. കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യ പ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്നും നടുവേദന ഗുരുതരമല്ലെന്നും ഇതിന് വേദന സംഹാരികൾ മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.