എല്ലാം ശിവശങ്കറിന്‍റെ അറിവോടെ, സ്വപ്നയെ നിരന്തരം വിളിച്ചിരുന്നു ; കാരണംകാണിക്കല്‍ നോട്ടീസില്‍ കസ്റ്റംസ്

Jaihind Webdesk
Wednesday, June 23, 2021

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ അറിവോടെയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വർണ്ണമടങ്ങിയ നയതന്ത്ര പാഴ്സൽ തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ തടഞ്ഞുവെച്ചതു മുതൽ  ശിവശങ്കർ സ്വപ്നാ സുരേഷിനെ നിരന്തരം വിളിച്ചിരുന്നുവെന്നു കസ്റ്റംസ്  കാരണം കാണിക്കൽ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. 53 പേർക്കാണ്​ കസ്​റ്റംസ്  കാരണംകാണിക്കൽ നോട്ടീസ് നല്‍കിയത്​. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി.

2020 ജൂലൈ ഒന്നിനാണു് പാഴ്സൽ തടഞ്ഞത്. ജൂലൈ 12ന് ബംഗളുരുവിൽ വെച്ച് സ്വപ്ന എൻഐഎയുടെ പിടിയിലാകുന്നതു വരെ ശിവശങ്കർ അവരെ നിരന്തരം വിളിച്ചിരുന്നു. സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണിനു പുറമേ, ലാപ്ടോപ്, 2 വാച്ച് എന്നിവയും ശിവശങ്കറിന് ജന്മദിന സമ്മാനങ്ങളായി സ്വപ്ന നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് നോട്ടീസിൽ പറയുന്നു. എല്ലാ വിശദാംശങ്ങളും ശിവശങ്കറിനോടു സ്വപ്ന പങ്കുവച്ചിരുന്നു. ബംഗളുരുവിലേക്കുള്ള യാത്രക്കിടെ സ്വപ്നയെ ശിവശങ്കര്‍ വാട്സ്ആപ്പ് വഴി വിളിച്ചിരുന്നു. ഇത് സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ ശിവശങ്കർ പങ്കെടുത്തിട്ടുണ്ട്.

കോൺസുലേറ്റ് വഴി കള്ളക്കടത്ത് നടക്കുന്നതായി സംസ്ഥാന ഇന്‍റലിജൻസിന് വിവരമുണ്ടെന്നും സൂക്ഷിക്കണമെന്നും  ശിവശങ്കർ മുന്നറിയിപ്പ് നല്‍കിയിരുന്നതായി സ്വപ്നയും സരിത്തും മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നു. വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്ന് സരിത്തിന്‍റെ മൊഴിയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനും പറഞ്ഞിട്ടുണ്ട്. അതേസമയം കോൺസുലേറ്റ് വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് ശിവശങ്കറിന്‍റെ മൊഴിയെന്നും കസ്റ്റംസിന്‍റെ കാരണം കാണിക്കല്‍ നോട്ടീസിൽ പറയുന്നു.