സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ എൻഐഎ ഇന്ന് ചോദ്യം ചെയ്‌തേക്കും

Jaihind News Bureau
Sunday, July 19, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിപ്ലോമാറ്റ് സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ ഇന്ന് ചോദ്യം ചെയ്‌തേക്കും. കേസിലെ ഒന്നാം പ്രതി സരിത്ത് എം.ശിവശങ്കറിനെതിരെ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അതേസമയം പ്രതിപക്ഷ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കിയ സർക്കാർ എം.ശിവശങ്കറിനെ ബലിയാടാക്കി മറ്റ് ഉന്നതബന്ധങ്ങൾ മറച്ചു പിടിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമാവുകയാണ്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍  ശിവശങ്കറിന് അറിയാമെന്നായിരുന്നു സരിത്തിന്‍റെ മൊഴി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്‌ന സുരേഷിന്‍റെ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തി. നയതന്ത്ര ബാഗ് അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് യുഎഇ അറ്റാഷെയാണെന്നും സരിത്ത് മൊഴി നല്‍കി.