കെഎസ്ആർടിസിയില്‍ എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടല്‍ ഇന്ന്

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസിയിലെ എം പാനൽ കണ്ടര്‍ക്ടമാരെ ഇന്ന് പിരിച്ചുവിടും. സ്ഥിരം കണ്ടക്ടർമാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും സംസ്ഥാനത്ത് പലയിടത്തും സർവ്വീസ് മുടങ്ങാനാണ് സാധ്യത.

താൽക്കാലിക കണ്ടക്ടർമാരെ പിരിച്ച് വിടുന്നതോടെ കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസിയെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞിരുന്നു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകും.

കെഎസ്ആര്‍ടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.

3872 എം പാനൽ കണ്ടക്ടമാർരെയാണ് ഇന്ന് പിരിച്ചുവിടുന്നത്. കോടതി ഉത്തരവ് പ്രകാരമാണ് ഇതെന്ന് പറയുമ്പോഴും മാനേജ്മെനറ് തങ്ങള്‍ക്ക് വേണ്ടി കാര്യമായി വാദിച്ചില്ലെന്ന പരാതി ജീവനക്കാർക്കുണ്ട്. അല്ലെങ്കിൽ എതിരായ വിധി വരില്ലെന്നാണ് ഇവരുടെ വിശ്വാസം. പിരിച്ചുവിടൽ ഉത്തരവ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. ബുധനാഴ്ച ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്താനാണ് എം പാനൽ കണ്ടക്ടർമാരുടെ കൂട്ടായ്മയുടെ തീരുമാനം.

അതിനിടെ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥിരം കണ്ടക്ടർമാരുടെ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും 3000 ത്തോളം എം പാനൽ കണ്ടക്ടർമാര്‍ ഒറ്റയടിക്ക് പുറത്ത് പോകുന്നത് സർവ്വീസുകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കോടതി നിർദ്ദേശിച്ച പ്രകാരം പിഎസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്ന് തുടങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

KSRTC
Comments (0)
Add Comment