അലപ്പുഴ : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിന് സുരക്ഷയില്ലെന്ന കണ്ടെത്തലില്‍ അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധച്ചു. അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം. ലിജുവിന്‍റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടന്നു. സെന്‍റ് ജോസഫ് സ്‌കൂളിലെ സ്‌ട്രോംഗ് റൂം കേന്ദ്രത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്ന രീതിയിലല്ല അമ്പലപ്പുഴയിലെ സ്‌ട്രോംഗ് റൂമിലെ സുരക്ഷയെന്നാണ് ലിജുവിന്‍റെ ആരോപണം.
സ്‌ട്രോംഗ് റൂമിന് സാധാരണ രീതിയിലുള്ള സുരക്ഷ ഒരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അനുവദിക്കുന്നില്ലെന്നും ലിജു ആരോപിച്ചു. സ്‌ട്രോംഗ് റൂമിന്‍റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അനുവദിക്കുന്നില്ല. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരും കോണ്‍ഗ്രസിന്‍റെ ചീഫ് ഇലക്ഷന്‍ ഏജന്‍റും ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിരീക്ഷകന്‍ ഇതിന് തയ്യാറാകുന്നില്ലെന്നും ലിജു ആരോപിച്ചു.
ഇക്കാര്യത്തില്‍ നാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തില്‍ ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കുമെന്നാണ് വിവരം.