മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ അബ്ദുള്‍ ഗഫൂർ ഹാജി അന്തരിച്ചു

Jaihind Webdesk
Thursday, January 17, 2019

മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന എം.കെ അബ്ദുൽ ഗഫൂർ ഹാജി അന്തരിച്ചു. കയർ ബോർഡ് ചെയർമാൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവടി പൊൻപുറം കബർസ്ഥാനിൽ.

കോൺഗ്രസ് ദേശീയ നേതാക്കളായ എ.കെ ആന്‍റണി, വയലാർ രവി എന്നിവരോടൊപ്പം വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് അബ്ദുൽ ഗഫൂർ പൊതു രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗമായി. കോൺഗ്രസ് അരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആയിരിക്കെ 1980 അസംബ്ലി തെരഞ്ഞെടുപ്പിൽ കെ.ആർ ഗൗരിയമ്മയുടെ ചീഫ് ഇലക്ഷൻ ഏജന്‍റ് ആയി പ്രവർത്തിച്ചു.

1987 ൽ കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്‍റ് ആയി. മഹാത്മാഗാന്ധി ഒരു ദിവസം അന്തിയുറങ്ങിയ കുത്തിയതോട് പഞ്ചായത്തിൽ ഗാന്ധിജി സ്മൃതി മണ്ഡപം സ്ഥാപിച്ചത് അദ്ദേഹത്തിന്‍റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. 1991 ൽ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ആയി. 2000 ൽ ജില്ലാ പഞ്ചായത്ത് അംഗമായി.

പിന്നീട് കഴിഞ്ഞ 17 വർഷത്തിൽ അധികമായി കെ.പി.സി.സി നിർവാഹക സമിതി അംഗവും സെക്രട്ടറിയുമായിരുന്നു. നിലവിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് അംഗമായ ഗഫൂർ ഹാജി കയർഫെഡ് ചെയർമാൻ, കയർ ബോർഡ് വൈസ് ചെയർമാൻ, കയർ അപ്പലെറ്റ് അതോറിറ്റി ചെയർമാനും ആയിട്ടുണ്ട്. നല്ലൊരു സംഘാടകനും പ്രസംഗകനുമായ ഇദ്ദേഹം ദീർഘകാലം പറയക്കാട് സർവീസ് സഹകരണ സംഘം പ്രസിഡന്‍റും തുറവൂർ കലാരംഗം പ്രസിഡന്‍റും ആയിട്ടുണ്ട്. നല്ലൊരു കലാസ്വാദകൻ കൂടിയായിരുന്നു അബ്ദുള്‍ ഗഫൂര്‍. പോസ്റ്റ്മാനെ കാണ്മാനില്ല, വക്കീൽ വാസുദേവ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നിലവിൽ പൊൻപുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു. നൂറുൽ ഹുദ എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാനും ആയിരുന്നു. തുറവൂർ നരൂച്ചിറ മാളികയിൽ പരേതനായ കുഞ്ഞു പരീതാണ് പിതാവ്. കുത്തിയതോട്ടിലെ പൗര പ്രമുഖൻ ആയിരുന്ന എ.എൻ കുഞ്ഞമ്മു സാഹിബിന്‍റെ മകളുടെ മകനാണ്. ഇക്കഴിഞ്ഞ ഡിസംബർ 31 ന് കുത്തിയതോട്ടിൽ നടന്ന കെ കരുണാകരൻ അനുസ്മരണ ചടങ്ങാണ് അബ്ദുൽ ഗഫൂർ ഹാജി അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്.