പ്രളയാനന്തര കേരള പുനർനിർമ്മാണത്തിന് വീണ്ടും സര്‍ക്കാരിന്‍റെ പ്രഹരം; സർക്കാരിന്‍റെ ആയിരംദിനാഘോഷത്തിന് 9കോടി

Jaihind Webdesk
Wednesday, February 6, 2019

Floods-Aftermath

പ്രളയാനന്തര കേരളത്തെ പുനർജീവിപ്പിക്കാൻ നിരന്തരം ആഹ്വാനം ചെയ്യുന്ന സർക്കാർ ആഘോഷങ്ങളുടെ പേരിൽ മുടക്കുന്നത് കോടികൾ. നവോഥാന ആഘോഷങ്ങൾക്കും കോടികളാണ് മുടക്കിയത്. ഇപ്പോൾ സംസ്ഥാന സർക്കാരിന്‍റെ ആയിരംദിനാഘോഷത്തിനും ഒൻപതുകോടിയിലേറെ രൂപയാണ് സർക്കാർ ചിലവാക്കുന്നത്.

ഫെബ്രുവരി 20 മുതൽ 27 വരെ എല്ലാ ജില്ലകളിലും നടക്കുന്ന ആഘോഷ പരിപാടികൾക്കാണ് ഇത്രയും തുക അനുവദിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് ഈ ആഘോഷങ്ങൾ. പ്രളയാനന്തര കേരളത്തെ പുനർജീവിപ്പിക്കാനായി സാലറിചലഞ്ച് നടത്തിയും കലാമേളയി ആർഭാടം കുറച്ചും ചെലവുചുരുക്കിയ സർക്കാരാണ് ആയിരം ദിനത്തിന് കോടികൾ ചെലവിടുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. മന്ത്രിസഭയുടെ വാർഷികം ആഘോഷിക്കുന്ന പതിവ് കേരളത്തിൽ ഉണ്ടെങ്കിലും ആയിരം ദിവസങ്ങൾ ആഘോഷിക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ 100 ദിവസം ആഘോഷിച്ചിരുന്നു. അതും നൂറു ദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. ഇതിന്റെ റിപ്പോർട്ട് കാർഡും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തവണ കലാപരിപാടികൾ നടത്തുന്നതിനായി ഓരോ ജില്ലയിലെയും കളക്ടർമാർക്ക് അനുവദിക്കുന്നത് അഞ്ചുലക്ഷം രൂപയാണ്. പ്രളയാനന്തര പുനർനിർമ്മാണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വിവിധ വകുപ്പുകളുടെ പ്രദർശനം നടത്തുന്നതിന് നാലുകോടിയും, മീഡിയ ക്യാമ്പയിനായി പി.ആർ.ഡിക്ക് രണ്ടുകോടിയും, മീഡിയ കോൺക്ലേവിന് എല്ലാ ജില്ലകൾക്കും 10 ലക്ഷംവീതംവും, കേന്ദ്രീകരിച്ച പ്രചാരണ കലാപരിപാടികൾക്ക് മൂന്നുലക്ഷം വീതവുമാണ് തുക ചെലവിടുന്നത്. ആർഭാടമായി ആഘോഷങ്ങൾ നടത്തുമ്പോൾ, കേരള പുനർ നിർമിതിക്ക് വേണ്ടി പിണറായി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ മാത്രമാണ് ഇപ്പോൾ ബാക്കിയാകുന്നത്.[yop_poll id=2]