ദുബായ് : ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ, ലുലു ഗ്രൂപ്പ് നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഇത് സംബന്ധിച്ച കരാറില്‍ ലുലു ഗ്രൂപ്പും ഈജിപ്ത് സര്‍ക്കാരും ഒപ്പുവെച്ചു. ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലുലു ഗ്രൂപ്പിന് വേണ്ടി ചെയര്‍മാന്‍ എം എ യൂസഫലി കരാറില്‍ ഒപ്പിട്ടു. കാബിനറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വ്യാപാര വകുപ്പ് സഹമന്ത്രി ഇബ്രാഹിം അഷ്മാവി, ഹൗസിഗ് വകുപ്പ് സഹ മന്ത്രി താരിഖ് എല്‍ സെബായി എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒപ്പുവെച്ചു. വിവിധ ഘട്ടങ്ങളിലായി 3500 കോടി രുപയാണ് ഈജിപ്തിലെ പ്രവര്‍ത്തന വിപുലീകരണത്തിനായി ലുലു വകയിരുത്തിയിട്ടുള്ളത്. 2016 ല്‍ ലുലുവിന്റെ ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഈജിപ്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തലസ്ഥാനമായ കെയ്റോവിലും സമീപ നഗരങ്ങളിലുമായി, ഈജിപ്ത് സര്‍ക്കാര്‍ നിര്‍മ്മിച്ച് ലുലുവിന് കൈമാറും. ഇത് കൂടാതെ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ ലുലു ആരംഭിക്കും. കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റ ഭാഗമായാണ് ഈജിപ്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സീസിയുടെ , പ്രത്യേക നിദ്ദേശ പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഈജിപ്ത് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കുകയായിരുന്നു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി മലയാളികളടക്കം 8,000 പരം ആളുകള്‍ക്ക് പുതുതായി ജോലി നല്‍കാന്‍ സാധിക്കുമെന്ന് എം എ യൂസുഫലി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.