മികച്ച എക്‌സ്‌ചേഞ്ചുകളുടെ ഫോബ്സ് പട്ടികയിലെ ആദ്യ അഞ്ചില്‍ ലുലു എക്‌സ്‌ചേഞ്ച് ; മലയാളി ഉടമസ്ഥതയിലുള്ള ഏക കമ്പനിയും

അബുദാബി : അമേരിക്ക കേന്ദ്രമായ ഫോബ്സ് മിഡില്‍ ഈസ്റ്റിലെ മികച്ച മണി എക്‌സ്‌ചേഞ്ചുകളുടെ പട്ടിക പുറത്തുവിട്ടു. ഇതില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വ്യവസായി എം എ യൂസഫലി ചെയര്‍മാനായ ലുലു ഇന്‍റര്‍നാഷ്ണല്‍ എക്‌സ്‌ചേഞ്ച് ഇടം പിടിച്ചു. മുന്നൂറോളം എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മേഖലയിലെ പട്ടികയിലാണ് ലുലുവിന്‍റെ ഈ മുന്നേറ്റം.

ഒരു മാസം നടത്തുന്ന ഇടപാടുകള്‍, ശാഖകളുടെ എണ്ണം, ലഭ്യമാക്കുന്ന മികച്ച സേവനങ്ങള്‍, കമ്പനികളുടെ വിപുലീകരണ രീതികള്‍, സമീപകാലത്ത് നടപ്പാക്കിയ നവീന ആശയങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഫോബ്സ് തിരഞ്ഞെടുപ്പ് നടത്തിയത്. യുവ മലയാളി വ്യവസായി അദീബ് അഹമ്മദാണ് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടര്‍. ആറോ അതിലധികമോ മിഡിലീസ്റ്റ് രാജ്യങ്ങളില്‍ സേവനം നടത്തുന്ന എക്‌സ്‌ചേഞ്ചുകളാണ് ഈ പട്ടികയില്‍ ഇടം നേടിയത്. ഇവയില്‍ മിഡിലീസ്റ്റിന് പുറത്ത് ശാഖകളുള്ളവയുമുണ്ട്.

ഗള്‍ഫിലും സ്വന്തം നാട്ടിലും സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്തവരാണ് ഇവരില്‍ അധികവും. അത്തരക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കല്‍ എളുപ്പത്തിലും കൃത്യതയോടെയും ലഭ്യമാക്കുകയെന്ന വലിയ ദൗത്യമാണ് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ നിര്‍വഹിക്കുന്നത്. പലയിടങ്ങളിലേക്കായി 100 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം അയക്കപ്പെടുന്ന വിപണി കൂടിയാണ് മിഡില്‍ ഈസ്റ്റ് . പണമയക്കലിനു പുറമെ പേയ്‌റോള്‍ ഇടപാടുകള്‍, ട്രാവല്‍ കാര്‍ഡുകള്‍ തുടങ്ങിയ സേവനങ്ങളെല്ലാം എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്നു. ലുലു എക്‌സ്‌ചേഞ്ചിനൊപ്പം അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, ബഹ്റൈന്‍ ഫിനാന്‍സിങ് കമ്പനി, അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്, അല്‍മുല്ല ഇന്‍റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് എന്നിവയും ഫോബ്‌സ് പട്ടികയില്‍ ഇടംനേടി.

Comments (0)
Add Comment