നിയമലംഘകരും പൊലീസ് തന്നെ ; ഹെല്‍മെറ്റ് പരിശോധനയില്‍ കുടുങ്ങിയത് 305 പൊലീസുകാർ

ലഖ്‌നൗ : ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തുന്നവരെ പിടിക്കാൻ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 305 പൊലീസുകാർ. ശനിയാഴ്ച മാത്രം പൊലീസ് നടത്തിയ ഹെൽമെറ്റ് പരിശോധനയിലാണ് പൊലീസുകാർ തന്നെ കുടുങ്ങിയത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ ബോധവത്ക്കരണത്തിന്‍റെ കൂടി ഭാഗമായി പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പോലീസുകാര്‍ തന്നെ കുടുങ്ങിയത്.

യൂണിഫോമിലായിരുന്ന പോലീസുകാരാണ് നിയമലംഘനം നടത്തിയവരിലേറെയും. ഹെൽമെറ്റ് പരിശോധനയിൽ കുടുങ്ങിയവരിൽ 155 ട്രാഫിക് പൊലീസുകാരുമുണ്ട് എന്നതാണ് ഏറെ രസകരം. എന്തായാലും പൊലീസെന്ന് കരുതി യാതൊരു ഇളവും ഇവർക്ക് നൽകരുതെന്നായിരുന്നു എസ്.പിയുടെ കർശന നിർദേശം. ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ് പൊലീസുകാരെന്നും അവരുടെ തെറ്റാണ് ആദ്യം തിരുത്തേണ്ടതെന്നും എസ്.പി പറഞ്ഞു. പോലീസുകാരുടെ റൂട്ടിൽ തന്നെ ആദ്യദിനം പരിശോധന നടത്തിയത് ഇതിനാലാണെന്നും എസ്.പി കലാനിധി നെയ്താനി വ്യക്തമാക്കി.

ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച മാത്രം 3,117 ബൈക്ക് യാത്രികരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് പിഴയിനത്തിൽ 1.38 ലക്ഷം രൂപയാണ് ഈടാക്കിയത്. ശനിയാഴ്ചത്തെ മാത്രം കണക്കാണിത്.

helmet checkingpolice
Comments (0)
Add Comment