തുടർച്ചയായ മൂന്നാം മാസവും പാചകവാതക വില കൂട്ടി ; ഇത്തവണ കൂട്ടിയത് സിലിണ്ടറിന് 76 രൂപ

തുടര്‍ച്ചയായി മൂന്നാം മാസവും പാചക വാതകത്തിന് വിലകൂട്ടി. ഇത്തവണ സിലിണ്ടറിന് 76 രൂപയാണ് വര്‍ധിച്ചത്. 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപയാണ് പുതിയ വില. നിരക്ക് വർധന നിലവില്‍ വന്നതോടെ കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ചെന്നൈയില്‍ 696 രൂപയുമാണ് ഗ്യാസ് വില. ഇതോടെ സെപ്റ്റംബർ, ഒക്ടോബർ, നവംബര്‍ മാസങ്ങളിലായി 106.5 രൂപയാണ് സിലിണ്ടറിന് വർധിച്ചത്.

19 കിലോയുടെ വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വിലയില്‍ 119 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 1,204 രൂപയായി ഉയർന്നു. ഒക്ടോബറില്‍ 1,085 രൂപയായിരുന്നു ഇതിന്‍റെ വില. 5 കിലോയുടെ ചെറിയ സിലിണ്ടറിനും വില വർധിച്ചിട്ടുണ്ട്. ഇപ്പോള്‍ 264.50 രൂപയാണ് 5 കിലോ സിലിണ്ടറിന്‍റെ വില. മൂന്ന് തരം സിലിണ്ടറുകളുടെയും പുതുക്കിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ധവ് ബാധിക്കില്ല. വര്‍ധിപ്പിച്ച വില നില്‍കേണ്ടിവരുമെങ്കിലും സബ്സിഡിതുക ബാങ്ക് അക്കൗണ്ടിലെത്തും. അതേസമയം ഒരു കുടുംബത്തിന് അനുവദിച്ചിട്ടുള്ള 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ വര്‍ധിച്ച വില നല്‍കേണ്ടി വരും. സെപ്തംബറില്‍ 15.50 രൂപയും ഒക്ടോബറില്‍ 15 രൂപയുമാണ് വര്‍ധിച്ചത്. ഇപ്പോള്‍ 76 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.

lpgLPG Price Hike
Comments (0)
Add Comment