രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ ഗുരുതര പ്രതിസന്ധിയില്‍, കാരണമായത് നോട്ട്നിരോധനവും ജിഎസ്ടിയുമെന്ന് ഐ.എം.എഫ്

Jaihind News Bureau
Saturday, February 1, 2020

രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ ഗുരുതര പ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിച്ച് ഐ.എം.എഫ്. എന്നാല്‍ മാന്ദ്യത്തിലേക്ക് കടന്നെന്ന് പറയാനാവില്ലെന്നും ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിവ വ്യക്തമാക്കി. അശാസ്ത്രീയമായി നടപ്പിലാകകിയ ജി.എസ്.ടി.യും നോട്ടുനിരോധനവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ഇത് കൂടുതല്‍ വഷളാക്കുന്നുവെന്നും ഐഎംഎഫ് മേധാവി വ്യക്തമാക്കി.

2019-ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടതെന്നും കഴിഞ്ഞ വര്‍ഷം സംഭവിച്ച വളര്‍ച്ചയും ഇടിവും ഒരു വിശദമായ പുനരാലോചനയുടെ ആവശ്യകതയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി. 2020ല്‍ 5.8 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടാകുമെന്നും 2021 ആകുമ്പോളേക്കും അത് 6.5 ശതമാനമായി ഉയര്‍ത്തണം എന്നുമാണ് കണക്കുകൂട്ടല്‍.

എന്നാല്‍ അതിനായി വളരെയേറെ ആലോചനയോടെയും ചിട്ടയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാതലായ നയവ്യതിയാനം തന്നെ അനിവാര്യമാണെന്നും ഐഎംഎഫ് റിപ്പോർട്ടില്‍ പറയുന്നു.