ദ്വീപിലെ ഇന്‍റർനെറ്റ് വേഗത കുറഞ്ഞു ; ലഭിക്കുന്നത് 2ജി മാത്രം ; ഓൺലൈന്‍ ക്ലാസുകള്‍ അവതാളത്തില്‍ ;കരടിലെ അഭിപ്രായം പറയാനാകാതെ ജനങ്ങള്‍

Jaihind Webdesk
Sunday, May 30, 2021

ലക്ഷദ്വീപ് : ദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞു. സര്‍ക്കാര്‍ കരട് നിയമങ്ങളില്‍ അഭിപ്രായമറിയിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ദ്വീപ് നിവാസികളുടെ പരാതി. ഇവ ഏകപക്ഷീയമായി നിയമമായി മാറുമോ എന്നതാണ് ആശങ്ക. ലോക്ക്ഡൗണില്‍ ഇന്‍റർനെറ്റ് സേവന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. ദ്വീപിൽ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെ ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതില്‍ അധ്യാപകരും ആശങ്ക പ്രകടിപ്പിക്കുന്നു. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങണമെന്നാണ് നിർദേശം. നിലവില്‍ അധ്യാപകര്‍ക്ക് മറ്റു ദ്വീപുകളില്‍ ജോലിക്കെത്താനും സംവിധാനമില്ല.

ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കപ്പലില്‍ 50 ശതമാനം മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്രായോഗികവുമല്ല. നിലവില്‍ മറ്റു ദ്വീപുകളിലേക്ക് കപ്പലില്ലാത്തതും പ്രതിസന്ധിയാണ്. അതേസമയം, കപ്പലുകളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുമില്ല.