തുരുമ്പെടുക്കുന്നത് കോടികള്‍ : ലോ ഫ്ലോര്‍ ബസുകള്‍ നശിക്കുന്ന തേവര ഡിപ്പോ കോൺഗ്രസ് സംഘം സന്ദർശിച്ചു

Jaihind Webdesk
Thursday, December 9, 2021

കോടികളുടെ ലോ ഫ്ലോർ ബസ്സുകൾ തുരുമ്പെടുത്ത് നശിക്കുന്ന എറണാകുളം തേവരയിലെ കെ.യു.ആർ.ടി.സി ഡിപ്പോ കോൺഗ്രസ് സംഘം സന്ദർശിച്ചു.അറുപതിലേറെ ലോ ഫ്ലോര്‍ ബസുകളാണ് അകവും പുറവും ഒരുപോലെ നശിച്ച അവസ്ഥയിൽ ഡിപ്പോയിലുള്ളത്.

എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ ഡിപ്പോ സന്ദർശിച്ചത്. കൊവിഡ് കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെ മാറ്റിയിട്ടിരുന്ന വണ്ടികളാണ് ഏറെയും തുരുമ്പെടുത്ത് നശിക്കുന്നത്. ഇവയുടെ സ്പെയര്‍ പാര്‍ട്സ് ലഭിക്കാത്തതാണ് അറ്റകുറ്റ പണിക്ക് തടസമെന്നാണ് അധികൃതര്‍ പറയുന്നത്.ശീതികരണ സംവിധാനത്തോടെയുള്ള ബസുകളാണ് ജന്റം പദ്ധതിക്ക് കീഴില്‍ യാത്ര നടത്തിയിരുന്നത്. ഒരുകാലത്ത് നഗരത്തില്‍ ഏറെ പ്രൗഢിയോടെ സഞ്ചരിച്ചവയാണ് ഇവ. അധികൃതരുടെ അനാസ്ഥക്കെതിരെ സമരം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കെയുആര്‍ടിസിക്ക് കീഴില്‍ പ്രത്യേകമായിട്ടായിരുന്നു ജീവനക്കാരെ നിയോഗിച്ചത്,​ വണ്ടികള്‍ ഓടാതെ വന്നതോടെ മറ്റു ഡിപ്പോകളിലേക്ക് ജീവനക്കാരെ മാറ്റി. നിലവില്‍ ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കോടികളുടെ പൊതുമുതൽ നശിക്കുമ്പോഴും സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ടിജെ വിനോദ് എംഎൽഎ കുറ്റപ്പെടുത്തി.

തുടക്കകാലത്ത് നല്ല പ്രതികരണമായിരുന്നു ജനങ്ങളില്‍ നിന്നും ബസ്സിന് ലഭിച്ചിരുന്നത്. ചാര്‍ജ് കൂട്ടിയതോടെയാണ് പലരും ലോഫ്ലോര്‍ ബസുകളില്‍ നിന്നും അകലം പാലിച്ചത്. സര്‍വീസുകളുടെ എണ്ണം കുറയാന്‍ കാരണമായി. ലോക്ഡൗണ്‍ വന്നതോടെ ബസ്സുകൾ പൂര്‍ണമായും കട്ടപ്പുറത്തുമായി.എന്നാൽ കൊവിഡ് പ്രതിസന്ധി മാറിയിട്ടും ബസുകൾ അറ്റകുറ്റപണികൾ നടത്തി റോഡിൽ ഇറക്കാൻ അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതോടെയാണ് പ്രതിഷേധം ശക്തമായത്.