ടോക്യോ : വനിതാ ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് വെങ്കലം. ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് പരാജയപ്പെട്ടതോടെയാണ് ലവ്‌ലിനയ്ക്ക് വെങ്കല മെഡല്‍ ഉറപ്പായത്. ഇന്ത്യയ്ക്ക് മൂന്നാം മെഡലും രണ്ടാം വെങ്കലവും.
ക്വാർട്ടറിൽ പുറത്തെടുത്ത അസാമാന്യ പ്രകടനം സെമിയിൽ തുർക്കി താരത്തിനെതിരെ ആവർത്തിക്കാനാകാതെ പോയതോടെയാണ് ലവ്‍ലിനയുടെ പോരാട്ടം വെങ്കലത്തിൽ അവസാനിച്ചത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. ബുസെനസ് സര്‍മേനലിയോട് 5–0നായിരുന്നു ലവ്‌ലിനയുടെ തോല്‍വി. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്‌സിംഗില്‍ ഒളിമ്പിക്‌സില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ നീൻ ചിൻ ചെന്നിനെ അട്ടിമറിച്ചു സെമിയിലെത്തിയപ്പോൾത്തന്നെ ലവ്‍ലിന ഒളിമ്പിക്സ് മെഡൽ ഉറപ്പിച്ചിരുന്നു.
വിജേന്ദര്‍ സിംഗിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതിയും ലവ്‌ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്‌ലിന. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ അസം സ്വദേശിനിയാണ്. അസമില്‍നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതയാണ് ലവ്‌ലിന.