തിരുവനന്തപുരം : പ്രണയ നൈരാശ്യം എന്ന മാനസിക ദുർബലതയുടെ പേരിൽ പെണ്‍കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നു. ഇന്നു പാലായിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനി കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോൾ രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും വലിയ ചർച്ചകളൊക്കെ നടക്കുമെങ്കിലും ഇതു ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്നാണ് കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
കഴിഞ്ഞ ജൂലൈ 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജൻ മാനസ വെടിയേറ്റ് മരിച്ചത്. കണ്ണൂർ നാറാത്ത് സ്വദേശിനിയായിരുന്നു. തലശേരി മേലൂർ സ്വദേശി രാഗിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. കേരളം കണ്ടുകൊണ്ടിരിക്കുന്നത് പ്രണയപ്പകയുടെ പൈശാചിക രൂപമാണ്. ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്ന് അതൊരു പരമ്പരയായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.
പെണ്‍കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അരങ്ങേറിയിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ഭീകര രൂപം കണ്ടത് 2019ലാണ്. നാലു പെൺകുട്ടികളാണ് ആ വർഷം മാസങ്ങളുടെ ഇടവേളകളിൽ നിരാശാ കാമുകൻമാരുടെ കൊലക്കത്തിക്ക് ഇരയായി മാറിയത്. എല്ലാവരും തന്നെ മുപ്പതിനു താഴെ പ്രായമുള്ളവരാണ് റോഡരികിലും വീട്ടുമുറ്റത്തുമൊക്കെയായി പിടിഞ്ഞു വീണു മരിച്ചത്. 2019 മാർച്ച് 12ന് കവിത എന്ന പതിനെട്ടുകാരി തിരുവല്ലയിൽ തീകൊളുത്തി കൊല്ലപ്പെട്ടു. അതെ വർഷം തന്നെ ഏപ്രിൽ നാലിന് തൃശൂരിലെ ചിയ്യാരത്ത് നീതു എന്ന ഇരുപത്തുരണ്ടുകാരിയെ നിരാശാ കാമുകൻ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. രണ്ടാഴ്ചകൾക്കുശേഷം 2019 ജൂണ്‍ 15ന് സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് പ്രണയ നിരാസത്തിന്റെ പേരിൽ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തി.
2019 ഒക്ടോബറിലാണ് മലയാളികളെ ഞെട്ടിച്ച അടുത്ത പ്രണയദുരന്തം. ഒക്ടോബർ ഒമ്പതിന് രാത്രിയിൽ ദേവിക എന്ന പ്ലസ് വണ്‍ വിദ്യാർഥിനിയെ കാമുകൻ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. 2017 ഫെബ്രുവരി ഒന്നിനു ലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയെ കോട്ടയം ആർപ്പൂക്കരയിലെ എസ്എംഇ കാമ്പസിൽ സീനിയർ വിദ്യാർത്ഥി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതോടെയാണ് ചോരക്കളി ഒരു പരമ്പര പോലെ തുടങ്ങിയതെന്നു പറയാം.
കൊവിഡ് ഭീതിയിലായ 2020ലും പ്രണയച്ചൊരക്കൊതിയടങ്ങിയില്ല. 2020 ജനുവരി അഞ്ചിന് തിരുവനന്തപുരം കാരക്കോണത്ത് അഷിക എന്ന പത്തൊമ്പതുകാരിയെ കാമുകൻ അനു വീട്ടിൽ കയറി കുത്തിക്കൊന്നു. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും സമൂഹത്തിൽ വലിയ ചർച്ചകളൊക്കെ നടക്കാറുണ്ട്. എന്നാൽ ഇതു ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്നാണ് കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.