സാമ്പത്തിക ക്രമക്കേട് : ബി.ജെ.പി നേതാവിന്‍റെ മരുമകന് ലുക്ക് ഔട്ട് സര്‍ക്കുലര്‍; നടന്നത് 50 കോടിയുടെ ക്രമക്കേട്

Jaihind Webdesk
Sunday, April 7, 2019

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമണ്‍ സിങ്ങിന്‍റെ മരുമകന്‍ ഡോ. പുനീത് ഗുപ്തയ്‌ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍. സാമ്പത്തിക ക്രമക്കേട് കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണു ഡോ. പുനീത് ഗുപ്ത.

കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളെ പോലീസ് തെരഞ്ഞുവരികയാണെന്നും ഇയാള്‍ രാജ്യം വിടില്ലെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സമയം നീട്ടിത്തരണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അയച്ച നോട്ടീസുകള്‍ക്കു ഗുപ്തയുടെ മറുപടിയെന്ന് പോലീസ് അറിയിച്ചു.

അതേസമയം,  സംസ്ഥാന സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നു രമണ്‍ സിങ് പ്രതികരിച്ചു. എന്നാല്‍ എന്തുകൊണ്ടാണു ഡോ. പുനീത് ഗുപ്ത അന്വേഷണത്തോടു സഹകരിക്കാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു രമണ്‍സിങ് മറുപടി നല്‍കിയില്ല.

ഗുപ്ത ഒളിവില്‍ക്കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തുകയാണ്. ഗുപ്തയുടെ വീട്ടിലും ആശുപത്രിയിലും ചില രേഖകള്‍ക്കായി പോലീസ് നേരത്തേ റെയ്ഡ് നടത്തിയിരുന്നു.

റായ്പുരിലെ കല്യാണ്‍ സിങ് പോസ്റ്റ്-ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന്‍റെ സൂപ്രണ്ടായിരുന്ന കാലയളവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാണു ഗുപ്തയുടെ പേരിലുള്ള ആരോപണം. 50 കോടി രൂപയുടെ ക്രമക്കേടാണു ഗുപ്ത നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇപ്പോഴത്തെ സൂപ്രണ്ട് ഡോ. കമല്‍ കിഷോര്‍ സഹാറെ ആണ് പരാതിക്കാരന്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അനര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം നല്‍കാനായി ഗുപ്ത കൈക്കൂലി വാങ്ങിയതായും ആരോപണമുണ്ട്.

സര്‍ക്കാരിനു നഷ്ടമുണ്ടാക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ഗുപ്തയുടെ പേരിലുള്ളത്. ഗുപ്തയുടെ പോസ്റ്റ്-ഗ്രാജ്വേഷന്‍ ഡിഗ്രി വ്യാജമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അനന്ത്ഗഢ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലും ഗുപ്തയെ പോലീസ് തെരയുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനു വേണ്ടിയായിരുന്നു ഇത്. കൈക്കൂലി നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഭൂപേഷ് ബഘേലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ പേരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുകയാണെന്ന ആരോപണം ഉയര്‍ത്തി സംഭവത്തെ പ്രതിരോധിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതാക്കള്‍.[yop_poll id=2]