രാഹുല്‍ഗാന്ധി എംപി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര ജനുവരി 30ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: വയനാട് എം പി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് കല്‍പ്പറ്റയില്‍ നടത്താന്‍ യു ഡി എഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജനുവരി 30ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്ത് നിന്നും രാഹുല്‍ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യാത്ര പുതിയ ബസ്റ്റാന്‍റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പുതിയ ബസ്റ്റാന്‍റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ച നടത്തും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ മതേതരത്വവും, ജനാധിപത്യവും, ഭരണഘടനയും അധികാരം ഉപയോഗിച്ച് തകര്‍ക്കുന്ന നടപടികളുമായാണ് ഫാസിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. ഭരണസംഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, രാജ്യത്തിന്‍റെ മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് രാഹുല്‍ഗാന്ധി എംപി ജില്ലയില്‍ ഭരണഘടന സംരക്ഷണ യാത്ര നടത്തുന്നത്.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയും, യാത്രയും വന്‍വിജയിപ്പിക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ പി.പി എ കരീം അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞു. ചര്‍ച്ചയില്‍ പി കെ അബൂക്കര്‍, കെ കെ അഹമ്മദ്ഹാജി, എന്‍.കെ റഷീദ്, കെ.വി പോക്കര്‍ഹാജി, പി.പി ആലി, കെ കെ അബ്രഹാം, വി എ മജീദ്, കെ.സി റോസക്കുട്ടിടീച്ചര്‍, എന്‍.കെ വര്‍ഗീസ്, എം സി സെബാസ്റ്റ്യന്‍, ടി കെ ഭൂപേഷ്, ജവഹര്‍ എ എന്‍, പൗലോസ് കുറുമ്പേമഠം, റസാഖ് കല്‍പ്പറ്റ, പടയന്‍മുഹമ്മദ്, പ്രവീണ്‍ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

rahul gandhi
Comments (0)
Add Comment