പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ അഞ്ച് ദിവസമായി നടത്തിവന്ന ലോംഗ് മാർച്ച് ഇന്ന് സമാപിക്കും. 82 കിലോമീറ്റർ പദയാത്രയായി പിന്നിട്ട് എത്തുന്ന മാർച്ച് ഇന്ന് വൈകിട്ട് പാലക്കാട് നഗരത്തിൽ സമാപിക്കും. സമാപന സമ്മേളനം കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
ജെ.എൻ.യു സമരത്തിന് പിന്തുണയുമായി എത്തിയ ദീപിക പദുക്കോണിനെ ദീപിക പദുഖാൻ എന്ന പേരിട്ട് മുസ്‌ലിം ആക്കി മാറ്റുകയാണ് സംഘപരിവാർ പ്രവർത്തകർ എന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. ലോംഗ് മാർച്ചിന്‍റെ കല്ലടിക്കോട് നടന്ന പര്യടനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആലത്തൂർ എം.പി രമ്യാ ഹരിദാസ്, വി.കെ ശ്രീകണ്ഠൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ അഞ്ചിന് പട്ടാമ്പിയിൽ നിന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത മാർച്ച് 82 കിലോമീറ്റർ പിന്നിട്ട് ഇന്ന് പാലക്കാട് നഗരത്തിൽ സമാപിക്കും. ഇന്ന് വൈകിട്ട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. നൂറു കണക്കിന് ആളുകളാണ് അഞ്ച് ദിവസം നടന്ന മാർച്ചിൽ പങ്കെടുത്തത്.