ബംഗളുരു: കർണാടകയിലെ ജെഡിഎസ്-ബിജെപി സീറ്റ് വിഭജനത്തിൽ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഹാസൻ, മാണ്ഡ്യ, കോലാർ എന്നീ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങൾ വേണമെന്ന നിലപാടിലാണ് ജെഡിഎസ്. എന്നാൽ രണ്ട് സീറ്റുകൾ നൽകാമെന്നാണ് ബിജെപി നിലപാട്. പാർട്ടി ആവശ്യപ്പെടുന്ന മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങണമെന്ന ആവശ്യം ജെഡിഎസിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി ഡൽഹിയിലെത്തി നദ്ദയുമായും അമിത്ഷായുമായും കൂടിക്കാഴ്ചയക്ക് ഒരുങ്ങുന്നത്. അതേസമയം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും റിബലായി മത്സര രംഗത്ത് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ഈശ്വരപ്പയും ബിജെപി ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
മകൻ കെ.ഇ. കാന്തേഷിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യെദ്യൂരപ്പയുടെ മകനെതിരെ ഷിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിൽ വിടൊനൊരുങ്ങിയിരുന്നു ഈശ്വരപ്പ. ഷിവമോഗ മണ്ഡലത്തിൽ മകന് സീറ്റ് നിഷേധിച്ചതായിരുന്നു അന്നത്തെയും വിഷയം. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞായിരുന്നു അന്ന് ആശ്വസിപ്പിച്ചത്. എന്നാല്‍ ഇപ്പോൾ ലോക്സഭാ സീറ്റ് മകന് കിട്ടില്ലെന്നായപ്പോൾ യെദിയൂരപ്പയുടെ മകൻ രാഘവേന്ദ്രയ്ക്കെതിരെ താൻ തന്നെ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി.
സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. നിലവില്‍ ബെംഗളൂരു നോര്‍ത്തില്‍ നിന്നുള്ള എംപിയായ സദാനന്ദ ഗൗഡ മോദി സര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്നു. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള പ്രബല നോതാവ് കൂടിയാണ് സദാനന്ദ ഗൗഡ. ബംഗളുരു നോര്‍ത്തില്‍ ഇത്തവണ സദാനന്ദ ഗൗഡയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി കേന്ദ്രമന്ത്രി ശോഭാ കരന്ദ്‌ലജയെ ആണ് സ്ഥാനാര്‍ത്ഥിയാക്കിട്ടുള്ളത്. കൊഴിഞ്ഞുപോക്കുകളും വിമതഭീഷണിയും കാരണം കർണാടകയിലെ സീറ്റ് വിഭജനം ബിജെപിക്ക് തതലവേദന സൃഷ്ടിക്കുകയാണ്.