ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. സർക്കാർ പരിപാടികൾ നടത്തുന്ന വിജ്ഞാൻ ഭവൻ ഹാൾ ഈ തീയതികളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ബുക്ക് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം ഇവിടെ തീയതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മാർച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളും മാർച്ച് ആദ്യ വാരമാണ് പ്രഖ്യാപിച്ചിരുന്നത്. ഇത്തവണയും കഴിഞ്ഞ വർഷം പോലെ നാല് ഘട്ടങ്ങളായാകും തെരഞ്ഞെടുപ്പ് നടത്തുക.
അതേസമയം മാർച്ച് ആദ്യവാരം കഴിഞ്ഞിട്ടും പ്രഖ്യാപനം വരാത്തതിനെതിരെ ആരോപണം ഉയരുന്നുണ്ട്. കേന്ദ്രസർക്കാരിന് ജനക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനും പ്രധാനമന്ത്രിക്ക് വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പൂർത്തിയാക്കാനുമാണ് പ്രഖ്യാപനം വൈകിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസും രംഗത്തെത്തി. കഴിഞ്ഞതവണ ഫലപ്രഖ്യാപനം മെയ് 31 ആയിരുന്നു. ഇത്തവണ അത് ജൂൺ മൂന്നിനുമാണ്.