കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മമ്മൂട്ടിയെ വീട്ടില്‍ സന്ദർശിച്ച് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്‍. എറണാകുളം നഗരത്തിലായിരുന്നു കഴിഞ്ഞദിവസം ഹൈബി ഈഡന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം ആരംഭിച്ചത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെക്കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.
രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് ഉച്ചവരെയുള്ള പ്രചാരണം എറണാകുളം സൗത്തിൽ സമാപിച്ചത്. ഉച്ചയ്ക്ക് ശേഷം മനോരമ ജംഗ്‌ഷനിൽ നിന്ന് സ്‌ഥാനാർത്ഥി പര്യടനം പുനഃരാരംഭിക്കുമ്പോഴും പ്രവർത്തകരും സ്‌ഥാനാർത്ഥിയും ഉന്മേഷവാന്മാരായിരുന്നു.
ഇന്ത്യയെ വീണ്ടെടുക്കാൻ വോട്ട് വിനിയോഗിക്കണമെന്നും എംപി എന്ന നിലയിലുള്ള പ്രവർത്തനങ്ങളും മണ്ഡലത്തിൽ തുടക്കമിട്ട നൂതനമായ പദ്ധതികളും വിലയിരുത്തണമെന്നും വോട്ടർമാരോട് സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന. സംസ്ഥാന സർക്കാർ തുടർച്ചയായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി. പൂക്കളും ഷാളുകളുമൊക്കെയായി എത്തിയ പ്രവർത്തകരുടെയും അമ്മമാരുടെയും കുട്ടികളുടേയുമെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് ഹൈബി ഈഡൻ ഓരോ സ്വീകരണ കേന്ദ്രവും പിന്നിട്ടത്. പുല്ലേപ്പടിയിലും കതൃക്കടവിലുമെല്ലാം വാദ്യ മേളങ്ങളോടെയാണ് സ്ഥാനാർഥിയെ നാട്ടുകാർ സ്വീകരിച്ചത്. പത്മ ജംഗ്‌ഷനിലും നോർത്ത് ഓട്ടോ സ്റ്റാൻഡിലുമെല്ലാം ഓട്ടോറിക്ഷ തൊഴിലാളികളടക്കം ഹൈബി ഈഡന് പിന്തുണ പ്രഖ്യാപിച്ചെത്തി. കതൃക്കടവിൽ സ്വീകരണ യോഗം സമാപിക്കുമ്പോഴേക്കും ഉത്സവ പ്രതീതിയിലായിരുന്നു നാട്ടുകാരും പ്രവർത്തകരും.