തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അപരസ്ഥാനാർത്ഥികളുടെ വിവരങ്ങള്‍ പുറത്ത്. വടകര, കോഴിക്കോട്, കോട്ടയം മണ്ഡലങ്ങളിലാണ് അപരഭീഷണി കൂടുതല്‍. കൊടിക്കുന്നിലിനും ശശി തരൂരിനും അപരന്മാരുണ്ട്. സംസ്ഥാനത്ത് ഇന്നാണ് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന.
കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ രണ്ടു സ്വതന്ത്രന്‍മാര്‍ക്ക് പുറമേ മൂന്ന് അപര സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കിയിട്ടുണ്ട്. രണ്ട് കെ. സുധാകരന്‍മാരും ഒരു എം.വി. ജയരാജനും രണ്ടു ജയരാജന്മാരുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന് അപര സ്ഥാനാര്‍ത്ഥിയില്ല. വളപട്ടണം സലിം, ചന്ദ്രന്‍ തില്ലങ്കേരി എന്നിവരാണ് മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിലെ പ്രധാന സ്ഥാനാർത്ഥികള്‍ക്ക് രണ്ടും മൂന്നും അപരന്മാരുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് രണ്ടും ഇടതുമുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് മൂന്നും അപരന്മാരാണ് കളത്തിലിറങ്ങിയിരിക്കുന്നത്. മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നില്‍ സുരേഷിന് രണ്ട് അപരന്മാരാണുള്ളത്. തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തില്‍ ഡോ. ശശി തരൂരിനും ഉണ്ട് ഒരു അപരന്‍. വിളപ്പിൽശാല സ്വദേശി ശശിയാണ് തരൂരിന്‍റെ അപരന്‍.
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ. രാഘവനും എല്‍ഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനും മൂന്നുവീതം അപരന്മാരാണുള്ളത്. കോട്ടയം പാർലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോർജിന് രണ്ട് അപരന്മാരുണ്ട്. ഇതില്‍ ഒരാള്‍ സിപിഎം നേതാവാണ്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് ഈ അപരന്‍. തൃശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ. ജോർജ് ആണ് കോട്ടയത്തെ മറ്റൊരു അപരൻ.
നിലവില്‍ 20 പാർലമെന്‍റ് മണ്ഡലങ്ങളിലായി ആകെ 290 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് പത്രിക സമർപ്പിച്ചത്. 499 പത്രികകളാണ് ആകെ ലഭിച്ചത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിനം തിങ്കളാഴ്ചയാണ്. ഇതോടെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും.
സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ നിലവില്‍:
തിരുവനന്തപുരം 22, ആറ്റിങ്ങൽ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13.