തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ടമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംവാദങ്ങള്‍ തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നടത്തി. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തിരുവനന്തപുരം എം.പി ശശി തരൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംവാദം.
ശക്തി പ്രോജക്ടിലൂടെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുക, വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭരണപരാജയത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ എന്നിവ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മോദി സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ചു സാധാരണക്കാരെ ബോധവത്കരിക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ശശി തരൂര്‍ എം.പി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വഷളാക്കിയതിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങളാണ്. ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാവുന്ന വിഷയത്തെ വഷളാക്കിയ ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ അതിന്റെ ഗുണം ലഭിക്കുന്നത് സി.പി.എമ്മിനായിരിക്കും – ശശിതരൂര്‍ പറഞ്ഞു.