അടിവേരിളകിയിട്ടും അനങ്ങാത്ത ‘മുഖ്യ’ന്‍റെ തള്ളല്‍ | ലേഖനം

 

ബി.എസ്. ഷിജു

കോണ്‍ഗ്രസിന്‍റെ അതിശക്തരായ വിമര്‍ശകരിലൊരാളായിരുന്നു പ്രമുഖ സെഫോളജിസ്റ്റായ (തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍) യോഗേന്ദ്ര യാദവ്. എന്നാല്‍ ഇന്നദ്ദേഹം കോണ്‍ഗ്രസിനൊപ്പമാണ്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു. എന്തുകൊണ്ട് താന്‍ കോണ്‍ഗ്രസിനൊപ്പം നടക്കുന്നുവെന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ:

“രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന അസാധാരണ സാഹചര്യത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അപ്പോള്‍ എല്ലാ മുന്‍വിധികളും ഇഷ്ടാനിഷ്ടങ്ങളും മാറ്റിവെക്കേണ്ടതുണ്ട്. എന്‍റെ വീടിന് തീയിടുമ്പോള്‍ എനിക്ക് രണ്ടുകൂട്ടരെ മാത്രമേ കാണാന്‍ കഴിയൂ. ഒരുകൂട്ടര്‍ കന്നാസുകളില്‍ പെട്രോള്‍ നിറച്ച് തീയിടാന്‍ വരുന്നവര്‍, മറ്റേകൂട്ടര്‍ തീയണയ്ക്കാന്‍ ബക്കറ്റില്‍ വെള്ളവുമായി വരുന്നവര്‍. തീയണയ്ക്കാന്‍ ബക്കറ്റില്‍ വെള്ളവുമായി വരുന്നവര്‍ സുഹൃത്തുക്കളായിരിക്കും, സ്‌നേഹിതനായിരിക്കും. എനിക്ക് തീയണയ്ക്കാന്‍ വരുന്നവരോടല്ലാതെ ആര്‍ക്കൊപ്പമാണ് നില്‍ക്കാന്‍ കഴിയുക. രാജ്യത്ത് ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ കെടുത്താന്‍ അരയും തലയും മുറുക്കി പോരാടുന്ന കോണ്‍ഗ്രസിനൊപ്പം നടക്കുന്നത് അതുകൊണ്ടാണ്.”

രാജ്യം നേരിടുന്ന വര്‍ത്തമാനകാല ഭീഷണിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസില്ലാതെ സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പശ്ചിമബംഗാളിലെ സിപിഎം നേതാക്കളുമൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എസ്.എ. ഡാങ്കെ അടക്കമുള്ളവര്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞ് കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് നിലപാടെടുത്തതായിരുന്നു 1964-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്‍റെ പ്രധാന കാരണങ്ങളിലൊന്നെന്നത് ചരിത്രം. കോണ്‍ഗ്രസില്ലാതെ മോദിയെയും സംഘപരിവാര്‍ ശക്തികളെയും നേരിടാന്‍ കഴിയില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഇന്ത്യാ സഖ്യ രൂപീകരണത്തിലടക്കം യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ പങ്കെടുത്തത്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ആ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടും ഇപ്പോഴും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്‍റെ തടവറയിലാണ്. ഈ വിരോധമാണ് ഇന്ത്യാ മുന്നണിയുടെ ഏകോപന സമിതിയില്‍ അംഗമാകേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിന് പിന്നില്‍.

മുമ്പൊക്കെ സാമ്പത്തികം അടക്കമുള്ള കോണ്‍ഗ്രസിന്‍റെ നയങ്ങളോടായിരുന്നു സിപിഎം വിയോജിപ്പ്. അത് സ്വാഭാവികം. എന്നാല്‍ കേരളത്തിലെ സിപിഎമ്മിന്‍റെ അന്ധമായ വിരോധത്തിന് കാരണം കോണ്‍ഗ്രസിന്‍റെ നയങ്ങളല്ല. ഇന്നത് വ്യക്തി അധിക്ഷേപത്തിലേക്കും ആക്ഷേപത്തിലേക്കും വരെ എത്തിനില്‍ക്കുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മോദിയും ബിജെപിയും പോലും നടത്താത്ത നികൃഷ്ടമായ ഭാഷ ഉപയോഗിച്ചുള്ള അധിക്ഷേപമാണ് തിരഞ്ഞെടുപ്പ് വേളയില്‍ കേരള മുഖ്യമന്ത്രി നടത്തിയത്. ഇങ്ങനെയൊക്കെ നിലപാടെടുക്കുമ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് അവര്‍ക്കൊരു മടിയുമില്ല താനും. യോഗേന്ദ്ര യാദവിന്‍റെ ന്യായീകരണം ശരിയാണെന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം. ഇത്തവണ 400 സീറ്റ് കടക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട മോദിയെയും കൂട്ടരെയും കേവല ഭൂരിപക്ഷം പോലും നേടാനാകാതെ 240-ല്‍ ഒതുക്കിയത് ഇന്ത്യാ മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയ 99 സീറ്റുകളാണ്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ ശക്തമായ തിരിച്ചുവരവിന് ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്. എന്നാല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പ്രസ്താവന നടത്തുകയുണ്ടായി. അതും നിയമസഭയ്ക്കുള്ളില്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് സിപിഎം വോട്ടുകള്‍ കൊണ്ടാണെന്നതാണ് അദ്ദേഹത്തിന്‍റെ വിചിത്ര പ്രസ്താവന.

പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ദേശീയ പാര്‍ട്ടി പദവിയും അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നവും നഷ്ടപ്പെടുമോ എന്നതായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ മന്ത്രി എ.കെ. ബാലന്‍ തന്നെ പരസ്യമായി ഇക്കാര്യം അണികളെ ഓര്‍മ്മപ്പെടുത്തി. ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നം ആകാതിരിക്കാനുള്ള അതിജീവന പോരാട്ടമാണ് ഈ തിരഞ്ഞടുപ്പെന്നായിരുന്നു അദ്ദേഹം നല്‍കിയ മുന്നറിയിപ്പ്. ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിന് വേണ്ടിയിരുന്നത് കുറഞ്ഞത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6 ശതമാനം വോട്ടുവിഹിതവും 4 സീറ്റുകളിലെ വിജയവുമായിരുന്നു. എന്നാല്‍ പാര്‍ട്ടി അധികാരത്തിലുള്ള കേരളത്തില്‍, ആലത്തൂരില്‍ മത്സരിച്ച മന്ത്രി കെ. രാധാകൃഷ്ണനൊഴികെ മറ്റാര്‍ക്കും വിജയിക്കാനായില്ല. പിന്നീട് വിജയിക്കാനായത് രാജസ്ഥാനിലെ സിക്കര്‍ മണ്ഡലത്തില്‍ മത്സരിച്ച കേന്ദ്രകമ്മിറ്റി അംഗം അമ്രാ റാമിനാണ്. ഇതുകൂടാതെ തമിഴ്നാട്ടില്‍ ഡിണ്ടിഗല്‍, മധുരൈ എന്നീ രണ്ട് സീറ്റുകളിലും സിപിഎം വിജയിച്ചു. ഇവിടെയാകട്ടെ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയുമൊക്കെ ഫോട്ടോ വെച്ചായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥികള്‍ വോട്ടുപിടിച്ചത്. ചുരുക്കത്തില്‍ കേരളത്തിലേതൊഴികെ രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും സിപിഎം സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ നിര്‍ണ്ണായകമായിരുന്നു. രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി കനിഞ്ഞതുകൊണ്ടാണ് അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം നിലനിര്‍ത്താനായതെന്ന പ്രചാരണം സോഷ്യല്‍ മീഡയയില്‍ സജീവമായതോടെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇത്തരമൊരു വിചിത്രമായ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു സിക്കര്‍. ബിജെപിയിലെ സുമോദാനന്ദ് സരസ്വതി 2019-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് 2.97 ലക്ഷം വോട്ടുകള്‍ക്കും 2014-ലെ തിരഞ്ഞെടുപ്പില്‍ 2.39 ലക്ഷം വോട്ടുകള്‍ക്കുമാണ്. അതേസമയം 2009-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മഹാ ദിയോ സിംഗ് കണ്ടേലയാണ് ഇവിടെ വിജയിച്ചത്. 2019-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുഭാഷ് മഹാറിയയ്ക്ക് ലഭിച്ചത് 4.74 ലക്ഷം വോട്ടുകളാണ്. ആകെ പോള്‍ ചെയ്തതിന്‍റെ 35.79 ശതമാനം വോട്ടുകള്‍. അന്ന് ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിലെ അമ്രാ റാം നേടിയത് കേവലം 31,462 വോട്ടുകളായിരുന്നു. അതായത് 2.37 ശതമാനം വോട്ടുകള്‍. 2014-ല്‍ ശക്തമായ മോദി തരംഗം ആഞ്ഞുവീശിയപ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുഭാഷ് മഹറിയ ഇവിടെ 1,88,841 വോട്ടുകള്‍ (17.81 ശതമാനം) നേടി. സിപിഎമ്മിന്‍റെ അമ്രാ റാം അന്ന് നേടിയതാകട്ടെ 53,134 വോട്ടുകള്‍ (5.01 ശതമാനം). 2009-ല്‍ കോണ്‍ഗ്രസിന്‍റെ മഹാദിയോ സിംഗ് കണ്ടേല 3.24 ലക്ഷം വോട്ടുകള്‍ (44.78 ശതമാനം) നേടിയാണ് വിജയിച്ചത്. 91-ല്‍ കോണ്‍ഗ്രസിലെ ബല്‍റാം ഝാക്കറും 1996-ല്‍ ഡോ. ഹരിസിംഗ് ചൗധരിയും ഇവിടെ നിന്നും വിജയിച്ച് ലോക്‌സഭയിലെത്തി. അതായത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് സിക്കര്‍. ആ സിക്കറിലാണ് ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച അമ്രാ റാം ഇത്തവണ 72,896 വോട്ടുകള്‍ക്ക് വിജയിച്ചത്.

രാജസ്ഥാനില്‍ 2023-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 17 സീറ്റുകളില്‍ മത്സരിച്ചു. എന്നാല്‍ ഇതില്‍ ഒരിടത്തുപോലും വിജയിക്കാനായില്ല. ബദ്ര മണ്ഡലത്തില്‍ മത്സരിച്ച ബല്‍വാന്‍ പുനിയയ്ക്കും ഗോര്‍ദാന്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രേമാ റാമിനും മാത്രമാണ് രണ്ടാം സ്ഥാനത്തെത്തെങ്കിലും എത്താനായത്. സിപിഎമ്മിന് ലഭിച്ച വോട്ടുവിഹിതമാകട്ടെ കേവലം 0.96 ശതമാനം മാത്രം. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം 28 സീറ്റുകളില്‍ മത്സരിച്ചു. അന്ന് 1.2 ശതമാനം വോട്ടുകള്‍ ലഭിച്ചു. രണ്ട് സീറ്റുകളില്‍ വിജയിക്കാനും മറ്റ് രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനുമായി. ബാക്കി മണ്ഡലങ്ങളിലെല്ലാം നാലും അഞ്ചും സ്ഥാനത്താണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഫിനിഷ് ചെയ്തത്. 2013-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന് ലഭിച്ചത് 0.9 ശതമാനം വോട്ടുകളായിരുന്നു.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായിരുന്നത് 16 സീറ്റുകളുണ്ടായിരുന്നു. ഇത് 2014-ല്‍ 9 സീറ്റുകളായി ചുരുങ്ങി. പശ്ചിമബംഗാളിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങളെല്ലാം നഷ്ടമായി. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെ 93 സീറ്റുകളില്‍ മത്സരിച്ചു. അന്ന് വോട്ട് വിഹിതം 3.28% ആയിരുന്നു. 2019-ല്‍ മത്സരിച്ച സീറ്റുകളുടെ എണ്ണം 69 ആയി. മൂന്നു സീറ്റുകളില്‍ മാത്രം വിജിയിച്ച അവരുടെ വോട്ടുവിഹിതം 1.75% ആയി കുറഞ്ഞു. ഇനി 33 വര്‍ഷം സിപിഎം അടക്കി ഭരിച്ച ബംഗാളിലെ അവസ്ഥയാകട്ടെ അതിദയനീവും. 29 സീറ്റുകളിലാണ് ഇത്തവണ അവിടെ സിപിഎം മത്സരിച്ചത്. ഇതില്‍ 2 മണ്ഡലങ്ങളിലൊഴികെ എല്ലാത്തിലും കെട്ടിവെച്ച കാശ് നഷ്ടമായി. മുര്‍ഷിദാബാദ് മണ്ഡലത്തില്‍ മത്സരിച്ച പാര്‍ട്ടി സെക്രട്ടറി മുഹമ്മദ് സലീമിനും ഡംഡം മണ്ഡലത്തില്‍ മത്സരിച്ച മുന്‍ എംപി സുജന്‍ ചക്രവര്‍ത്തിക്കും മാത്രമാണ് കെട്ടിവെച്ച കാശ് നഷ്ടമാകാതിരുന്നത്. ഒരുകാലത്ത് വലിയ സ്വാധീനമുണ്ടായിരുന്ന പശ്ചിമബംഗാളില്‍ അതിന്‍റെ പ്രസക്തി നിലനിര്‍ത്താന്‍ തന്നെ സിപിഎം പെടാപ്പാട് പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ദയനീയ ചിത്രം. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന പാര്‍ട്ടിയില്‍ നിന്ന്, മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള പാര്‍ട്ടിയില്‍ നിന്ന്, ഇന്ന് ഒരു സംസ്ഥാനത്ത് മാത്രം അധികാരമുള്ള, 1.7 ശതമാനം വോട്ട് വിഹിതമുള്ള കേവലം 4 ലോക്‌സഭാ അംഗങ്ങള്‍ മാത്രമുള്ള പാര്‍ട്ടിയായി സിപിഎം ചുരുങ്ങിയിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നേരിടുന്ന തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ കണക്കുകള്‍.

സ്വന്തം പാര്‍ട്ടി ഇത്രവലിയ പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് കാലത്ത് ചെയ്തതെന്തെന്നത് നമുക്ക് മുമ്പിലുണ്ട്. രാജസ്ഥാനിലോ തമിഴ്നാട്ടിലോ പോകേണ്ട, പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെയെങ്കിലും അദ്ദേഹത്തിന് പ്രചാരണത്തിന് പോകാമായിരുന്നു. എന്നാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അദ്ദേഹം അവധിക്കാലം ആഘോഷിക്കാന്‍ പോയത് വിദേശത്തേക്കായിരുന്നു. മുഖ്യമന്ത്രി അവധി ആഘോഷിക്കേണ്ട എന്ന പക്ഷക്കാരല്ല ആരും. അദ്ദേഹത്തിന് കുടുംബമുണ്ട്, സ്വകാര്യ ജീവിതമുണ്ട്. എന്നാല്‍ ജനാധിപത്യം, ഭരണഘടന, മതേതരത്വം എന്നിവ സംരക്ഷിക്കാനായി നിര്‍ണായക പോരാട്ടം നടത്തുമ്പോള്‍, ബംഗാളിലേയും ത്രിപുരയിലേയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പറന്നതാണ് വിമര്‍ശിക്കപ്പെട്ടത്. അങ്ങനെ സ്വന്തം ഉത്തരവാദിത്വം മറന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്നാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിച്ചത് സിപിഎം വോട്ടുകള്‍ കൊണ്ടാണെന്ന പ്രസ്താവന വരുന്നത്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന്‍റെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രിയോട് ഒറ്റ ചോദ്യം. പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറിയത് ഐഎന്‍എല്ലിന്‍റെ വോട്ട് നേടിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനം അത് വിശ്വസിക്കുമോ? അത്തരമൊരു പ്രസ്താവന നടത്തുന്നയാളെ എങ്ങനെയാകും സാമാന്യ ബോധമുള്ളവര്‍ വിലയിരുത്തുക. പ്രത്യയശാസ്ത്രപരമായ വ്യതിയാനം അടക്കം സിപിഎം നേരിടുന്ന ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പലതുണ്ട്. ബംഗാളിലും ത്രിപുരയിലുമടക്കം കാല്‍ച്ചുവട്ടിലെ മണ്ണ് കുത്തൊഴുക്കെടുത്ത് പോയി. ഇനി കേരളം മാത്രമാണ് ഏക തുരുത്ത്. ആഞ്ഞുവീശിയ ഭരണവിരുദ്ധവികാരത്തില്‍ ആ തുരുത്തിലെ കോട്ടകൊത്തളങ്ങള്‍ പോലും തകര്‍ന്നടിഞ്ഞ കാഴ്ചയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. എന്നിട്ടും ആത്മപരിശോധന നടത്തണം, തിരുത്തല്‍ നടപടിവേണം എന്നൊന്നും പറയാനോ ചോദിക്കാനോ ആര്‍ജ്ജവമുള്ള ആരും കേരളത്തിലെ പാര്‍ട്ടിയില്‍ ഇല്ലാത്ത അവസ്ഥയാണ്. ഇനി അങ്ങ് ഡല്‍ഹിയിലെ ഗോള്‍ മാര്‍ക്കറ്റില്‍ എകെജി ഭവനുണ്ടല്ലോ. അവിടെ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമൊക്കെയുണ്ടല്ലോ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യാന്‍ മൂന്നു ദിവസമാണ് അവിടെ യോഗം ചേര്‍ന്നത്. അവിടെപ്പോലും ആത്മപരിശോധന നടത്തി തിരുത്തണമെന്ന് വെറുതെയൊന്ന് പറയാന്‍ പോലും ആരും തയാറായില്ല. തിരുവായ്‌ക്ക് എതിര്‍വായില്ലായ്മയാണ് ഇന്ന് സിപിഎം നേരിടുന്ന പ്രതിസന്ധി; ഒരു രാഷ്ട്രീയ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ജീര്‍ണ്ണതയും. അതേസമയം, ഈ പ്രതിസന്ധികളൊക്കെ നില്‍ക്കുമ്പോഴും പിണറായി വിജയന്‍ അടക്കമുള്ള കേരള നേതാക്കളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധത്തിനാകട്ടെ ഒരു കുറവുമില്ലതാനും. മോദിയുടെ മന്ത്രിസഭയില്‍ അംഗമായ പാര്‍ട്ടിയുടെ പ്രതിനിധിയെ സ്വന്തം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കാതെയാണ് ‘ഇടതില്ലാതെ ഇന്ത്യ’യില്ലെന്നതടക്കമുള്ള തള്ളുകളും ഫാസിസത്തിനെതിരായ കോണ്‍ഗ്രസ് പോരാട്ടത്തിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യലുമൊക്കെ.

Comments (0)
Add Comment