ജനാധിപത്യത്തിന്‍റെ മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം; ആർക്കാവും രാജ്യഭരണം? കൂട്ടിയും കിഴിച്ചും മുന്നണികള്‍

 

 

ന്യൂഡല്‍ഹി: നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിധിയറിയാനായി രാജ്യം ആകാംക്ഷയോടെ കാതോർത്തിരിക്കെ ഭരണം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ സഖ്യം. അതേസമയം എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പോലെ തുടർഭരണം സാധ്യമാകുമെന്ന അമിതാവേശത്തിലാണ് എന്‍ഡിഎയുടെ നീക്കങ്ങള്‍. എട്ട് മണിക്ക് വോട്ടെണ്ണലിന് തുടക്കമാകും. ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

വിധിയറിയാന്‍ ഏതാനും മണിക്കൂറുകളുടെ മാത്രം അകലത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണിയും എന്‍ഡിഎയും. തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ അപ്പാടെ തള്ളിയാണ് ഇന്ത്യ മുന്നണി നേതാക്കള്‍  രംഗത്തെത്തിയത്. എക്സിറ്റ് പോള്‍ മോദി മീഡിയ പോളെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എക്സിറ്റ് പോളിലല്ല, ജനങ്ങളുടെ പോളിലാണ് വിശ്വാസമെന്നും നേതാക്കള്‍ പ്രതികരിച്ചു. 295 സീറ്റ് നേടുമെന്നും ഇന്ത്യ സഖ്യം കണക്കുകൂട്ടുന്നു. അതേസമയം ഇത്തവണയും 350 സീറ്റിലധികം നേടുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. 2019 ൽ 352 സീറ്റാണ് എൻഡിഎയ്ക്ക് ലഭിച്ചത്.

കേരളത്തില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ആകെ 194 സ്ഥാനാർത്ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിംഗ് ശതമാനം. ആദ്യം തപാൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് അര മണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലും (https://results.eci.gov.in) വോട്ടർ ആപ്പിലും ഫലം അറിയാനാകും.

44 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കാണ് വോട്ടെണ്ണലോടെ അവസാനമാകുന്നത്. ഏപ്രിൽ 19-ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ജൂണ്‍ ഒന്നിനാണ് ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് അവസാനിച്ചത്. സിക്കിം, അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഞായറാഴ്ച പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ആശങ്കകള്‍ ഉയർന്നതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. ഇന്ത്യ സഖ്യം ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതെല്ലാം തള്ളുകയാണ് ചെയ്തത്. എന്തായാലും രാജ്യത്തിന്‍റെ വിധി നിർണയിക്കുന്ന ഫലം അറിയാന്‍ ഇനി മണിക്കൂറുകളുടെ മാത്രം അകലം.

Comments (0)
Add Comment