ലോകായുക്ത ഓർഡിനന്‍സ് ; സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

Jaihind Webdesk
Saturday, January 29, 2022

 

തിരുവനന്തപുരം : ലോകായുക്ത ഓർഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഓർഡിനന്‍സില്‍ ഒപ്പിടരുതെന്ന് യുഡിഎഫ് സംഘം ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്നും സംസ്ഥാന സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.  ഭേദഗതിയിൽ ഉടൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതികൾ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തു.

ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ് ശക്തമാകുന്നതിനിടയിലാണ് വിഷയത്തിൽ സർക്കാരിനോട് ഗവർണർ വിശദീകരണം ആവശ്യപ്പെടുന്നത്. ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്ന പരാതിയിലും ലോകായുക്ത നിയമത്തിലെ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന പരാതിയിലുമാണ് ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത് . പരാതികളിൽ ഉടൻ വിശദീകരണം നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു. അതിനായി പരാതികൾ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തു.

ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി നടത്താനുള്ള തീരുമാനം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണെന്ന വിമർശനം ശക്തമാകുന്നതിടയിലാണ് വിഷയത്തിലെ ഗവർണറുടെ നിലപാടും സർക്കാറിന് തിരിച്ചടിയാകുന്നത്. വേണ്ട രീതിയിലുള്ള ചർച്ചകൾ നടത്താതെ നിയമസഭ ചേരുന്നതിന് മുമ്പ് ധൃതിയിൽ ഓർഡിനൻസ് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.