പിണറായി സര്‍ക്കാരിന്റെ ആഡംബരം; ധൂര്‍ത്ത്; കോടികള്‍ ചെലവിട്ട് ദുബായില്‍ ലോക കേരള സഭയ്ക്കുള്ള തീരുമാനം വിവാദത്തില്‍

Jaihind Webdesk
Wednesday, January 23, 2019

തിരുവനന്തപുരം: പ്രളയാനന്തരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മാണത്തിനുമുള്ള പണത്തിനായി സംസ്ഥാനം നെട്ടോട്ടമോടുന്ന സമയത്ത് ആഡംബരവും ധൂര്‍ത്തുമായി സര്‍ക്കാര്‍. ചെലവുചുരുക്കാന്‍ ആഘോഷങ്ങള്‍ ഉപേക്ഷിക്കുമെന്ന് പറയുന്ന സര്‍ക്കാരും പ്രവൃത്തികളും രണ്ടുവഴിക്ക്. ദുബായില്‍ കോടികള്‍ ചെലവിട്ട് ലോക കേരള സഭ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍. സ്‌കൂള്‍ കലോല്‍സവം കേരള ഫിലിംഫെസ്റ്റിവല്‍ തുടങ്ങിയവ ചെലവുചുരുക്കി നടത്തിയ സര്‍ക്കാര്‍ ലോകകേരള സഭയുടെ ഭാഗമായി ഒരു നൃത്തപരിപാടിക്ക് മാത്രം എട്ടുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.

നാലുകോടി രൂപ ചെലവാക്കി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നിയമസഭയിലായിരുന്നു ലോകകേരളസഭയുടെ ആദ്യ യോഗം നടന്നത്. തുടര്‍ച്ചയായുള്ള ആദ്യമേഖല സമ്മേളനം ദുബായില്‍ അടുത്തമാസം 15നും 16നും നടത്താനാണ് തീരുമാനം. നിയമസഭയില്‍ ലോകകേരളസഭ ചേര്‍ന്നപ്പോള്‍ നാലുകോടിയായിരുന്നു ചെലവ്. ഇത്തവണ ദുബായിലെ മിലേനിയം ഹോട്ടലിലും എത്തിസലാത്ത് അക്കാദമി ഹാളിലുമായി നടക്കുമ്പോള്‍ ചെലവ് വന്‍തോതില്‍ ഉയരും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സഭയുടെ അധ്യക്ഷന്‍ സ്പീക്കറാണ്. പ്രതിപക്ഷനേതാവ്, ചീഫ് സെക്രട്ടറി, മന്ത്രിമാര്‍ എന്നിവരും പങ്കെടുക്കുമെന്നാണ് തീരുമാനം.

സംസ്ഥാനം പ്രളയദുരിതത്തില്‍ നട്ടം തിരിയുന്ന സമയത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ലോക കേരള സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ദുബായില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് കലാപരിപാടികള്‍ നടത്തി സമ്മേളനം മോടികൂട്ടാനും തീരുമാനിച്ചു. എട്ടുലക്ഷം രൂപ മുടക്കി ആശ ശരത്തിന്റെ നൃത്തം, ഇന്ത്യന്‍ ബാന്‍ഡിന്റെ സംഗീതപരിപാടി, ബോളിവുഡ് ഡാന്‍സ് ടീമിന്റെ പരിപാടി തുടങ്ങിയ കലാപരിപാടികള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിന്റെ മിനിറ്റ്‌സ് പറയുന്നു.[yop_poll id=2]