തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും ; റീ പോളിംഗ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ടീകാ റാം മീണ

Jaihind Webdesk
Saturday, May 18, 2019

Teeka-Ram-Meena

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീകാ റാം മീണ. വിവി പാറ്റ് രസീതുകള്‍ കൂടി എണ്ണുന്നതിനാലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം വൈകുക. പോസ്റ്റൽ ബാലറ്റ് അട്ടിമറിച്ച സംഭവത്തിൽ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മീണ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 23ന് രാവിലെ 8 മണി മുതൽ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണിയ ശേഷമാകും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണുക. ഇതിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവി പാറ്റ് രസീതുകള്‍ എണ്ണുവാന്‍ ആരംഭിക്കും. ഇവ എണ്ണിത്തീര്‍ന്നശേഷമേ അന്തിമ ഫലപ്രഖ്യാപനം ഉണ്ടാകൂ.  തര്‍ക്കമുണ്ടെങ്കില്‍ വീണ്ടും വിവി പാറ്റും ഇ.വി.എമ്മും എണ്ണും. അന്തിമ ഫലപ്രഖ്യാപനത്തിന് പത്ത് മണിക്കൂര്‍ വരെ സമയമെടുത്തേക്കാമെന്നും ടീകാ റാം മീണ പറഞ്ഞു.

നാളെ റീ പോളിംഗ് നടക്കുന്ന ബൂത്തുകളിൽ എല്ലാ സൗകര്യങ്ങളും പൂർത്തിയായി. കാസര്‍കോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് നാളെ റീപോളിംഗ്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗിന് നിര്‍ദ്ദേശം നല്‍കിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍റെ പ്രസ്താവന ടീകാ റാം മീണ തള്ളി. സമ്മര്‍ദത്തിനടിപ്പെട്ടല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങളെന്ന് ടീകാ റാം മീണ വ്യക്തമാക്കി.

മുഖം മറച്ചെത്തുന്ന വോട്ടർമാരെ തിരിച്ചറിയുന്നതിനായി പ്രിസൈഡിംഗ് ഓഫീസർക്ക് വനിതാ സഹായിയെ നിയമിക്കാമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റൽ ബാലറ്റ് അട്ടിമറിച്ച സംഭവത്തിൽ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മീണ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയും, എ.ഡി.ജി.പി അനന്തകൃഷ്ണനും പങ്കെടുത്തു.