ന്യൂഡല്‍ഹി: ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകിട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർത്ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുദുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും.
തമിഴ്നാട്, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായതിനാല്‍ 19ന് വോട്ടെടുപ്പ് പൂര്‍ണ്ണമാകും. ആദ്യഘട്ടത്തില്‍ 39 സീറ്റുകളുളള തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലും അസമില്‍ അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും ഉത്തരാഖണ്ഡില്‍ അഞ്ചും പശ്ചിമ ബംഗാള്‍ മൂന്ന്, മണിപ്പുരില്‍ രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. തൃണമൂൽ കോൺഗ്രസിന്‍റെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും.