ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യം ഇന്ത്യ മുന്നണിയുടെ ഔദ്യോഗിക യോഗം ഇന്ന് ഡൽഹിയിൽ ചേരും. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും ഉള്‍പ്പെടെ ചർച്ചയാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഖ്യത്തിന്‍റെ ഏകോപന സമിതി അംഗങ്ങളും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പുകൾ മൂലം നിർത്തിവെച്ചിരുന്ന യോഗം 3 മാസത്തെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും ചേരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലെ സീറ്റ് വിഭജനം, മുന്നണിയുടെ ദർശനരേഖ എന്നിവ സംബന്ധിച്ച ചർച്ചകൾ നടക്കും. പാർലമെന്‍റിൽ ഉണ്ടായ സുരക്ഷാ വീഴ്ചയും പ്രതിപക്ഷ എംപി മഹുവ മൊയ്ത്രക്കെതിരെ എടുത്ത നടപടിയും ഇന്ത്യ മുന്നണി യോഗത്തിൽ ചർച്ചയാകും. പൊതു തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അഞ്ച് സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ ജയപരാജയങ്ങൾ യോഗത്തിൽ ചർച്ചയാകും.
ഇന്നത്തെ യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കും എന്നാണ് വിവരം. മമതാ ബാനർജി എം.കെ. സ്റ്റാലിന്‍ എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് ഒരുക്കം ആണെന്ന് സന്നദ്ധത പ്രകടിപ്പിച്ച മമതാ ബാനർജിയുടെ പ്രഖ്യാപനം ഇന്ത്യ സഖ്യത്തിന്‍റെ ശക്തി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിനെതിരായ ദേശവ്യാപക പ്രക്ഷോഭം, സഖ്യത്തിന്‍റെ നേതാക്കൾ അണിനിരക്കുന്ന റാലികൾ എന്നിവ സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. മുന്നണിയുടെ നാലാം യോഗമാണിത്. പട്ന, ബംഗളുരു, മുംബൈ എന്നിവിടങ്ങളിലായിരുന്നു നേരത്തെ യോഗങ്ങള്‍ ചേർന്നത്.