തിരുവനന്തപുരം: വര്‍ഗീയതയുടെയും ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയത്തെ കുഴിച്ചു മൂടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സര്‍ക്കാരിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച് ഇന്ത്യയെ വീണ്ടെടുക്കാന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബിജെപിയും മോദിയും നടപ്പാക്കുന്ന ഭിന്നിപ്പിന്‍റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം അതിനേക്കാള്‍ തീവ്രവമായി കേരളത്തില്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മിനും എതിരായ ജനവിധി കൂടിയാകണം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന്‍റെ പരാജയം ഉറപ്പായപ്പോള്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്ന അവസ്ഥയിലേക്ക് പ്രധാനമന്ത്രി എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയെയും ബിജെപിയെയും നാണിപ്പിക്കുന്ന അധിക്ഷേപമാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ പിണറായി വിജയനും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. വര്‍ഗീയതയ്ക്കും ഫാഷിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകണം നാളത്തെ വോട്ടെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എത്തുമ്പോള്‍ ക്രൈസ്തവരെ ചേര്‍ത്ത് പിടിക്കുമെന്ന് പറയുന്നവരുടെ നേതൃത്വത്തില്‍ രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരില്‍ മുന്നൂറോളം പള്ളികളാണ് കത്തിച്ചത്. നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങളാണ് പലായനം ചെയ്തത്. എന്നിട്ടും തൃശൂരില്‍ കല്യാണത്തിന് വന്നു പോയ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അതേ ശക്തികളാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ ക്രിസ്മസ് കേക്കുമായി വീടുകളിലേക്ക് എത്തുന്നതെന്നും നാം തിരിച്ചറിയണം.
ഒരു കോടി പാവങ്ങള്‍ക്ക് ഏഴ് മാസമായി പെന്‍ഷന്‍ നല്‍കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ചമഞ്ഞു നടക്കുന്നത്. കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടി ഉജ്വല വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഐക്യജനാധിപത്യ മുന്നണി. അതിശക്തമായ യുഡിഎഫ് തരംഗമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെയും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകും. വര്‍ഗീയ ഫാഷിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫിനും കോണ്‍ഗ്രസിനുമൊപ്പം ഒറ്റക്കെട്ടായി നമുക്കും ആ പോരാട്ടത്തിന്‍റെ ഭാഗമാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.