ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തില്‍ 56.68 ശതമാനം പോളിംഗ് ആണ് അഞ്ച് മണിവരെ രേഖപ്പെടുത്തിയത്. നിരവധി പ്രമുഖർ അഞ്ചാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി. ശിവസേന നേതാവ് ഉദ്ദവ് താക്കറെ വോട്ട് രേഖപ്പെടുത്തി. ഭാര്യ രശ്മിയും മകന്‍ അദിത്യ താക്കറെയും ഒപ്പമുണ്ടായിരുന്നു. മുന്‍ ത്സാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറനും വോട്ട് രേഖപ്പെടുത്തി.
മുംബൈ നോർത്ത് സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷയുമായ വർഷ ഗെയ്‌ക്‌വാദ് വോട്ട് രേഖപ്പെടുത്തി. ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, ഇമ്രാന്‍ ഹാഷ്‌മി, വിദ്യ ബാലന്‍, ഫര്‍ഹാന്‍ അക്‌തര്‍, രാജ്‌കുമാര്‍ റാവു, സുനില്‍ ഷെട്ടി, ജാന്‍വി കപൂര്‍, ശ്രീയ ശരണ്‍, അനന്യ പാണ്ഡെ, ആമിര്‍ ഖാന്‍, കിരണ്‍ റാവു, ആദിത്യ ഷെട്ടി, വരുണ്‍ ധവാന്‍, ഭൂമി പദേക്കര്‍, സൈഫ് അലി ഖാന്‍, കരീന കപൂര്‍, കെയ്റ അദ്വാനി തുടങ്ങി നിരവധി പ്രമുഖരാണ് മുംബൈയിലെ പോളിംഗ് ബൂത്തുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഒപ്പമെത്തി വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ബാരാബങ്കി ലോക്സഭാ മണ്ഡലത്തിലാണ്. 64.86 ശതമാനമാണ് ഇവിടെ പോളിംഗ്. ഝാൻസിയില്‍ 61.18 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മോഹൻലാൽഗഞ്ചിൽ 60.10 ശതമാനമാണ് പോളിംഗ്. അമേഠിയിൽ 52.68 ശതമാനവും റായ്ബറേലിയിൽ 56.26 ശതമാനവുമാണ് പോളിംഗ്. ലഖ്‌നൗവിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 49.88 ശതമാനമാണ് പോളിംഗ്.