ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെ 59 മണ്ഡലങ്ങളാണ് അന്തിമ ഘട്ടത്തില്‍ വിധി എഴുതുന്നത്. ഏഴ് സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരരംഗത്തുണ്ട്.
ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13 വീതം മണ്ഡലങ്ങള്‍, ബിഹാറിലെയും മധ്യപ്രദേശിലെയും എട്ട് വീതം മണ്ഡലങ്ങള്‍ പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങള്‍, ഹിമാചൽപ്രദേശിലെ നാല് മണ്ഡലങ്ങള്‍, ജാര്‍ഖണ്ഡിലെ മൂന്ന് മണ്ഡലങ്ങള്‍, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. 10.1 കോടി വോട്ടർമാരാണ് അവസാന ഘട്ടത്തില്‍ പോളിംഗ് ബൂത്തുകളിലെത്തുന്നത്. 912 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 1.12 ലക്ഷം പോളിംഗ് ബൂത്തുകളാണ് ആകെയുള്ളത്.
കനത്ത സുരക്ഷയിലാണ് പശ്ചിമ ബംഗാൾ. പശ്ചിമബംഗാളിലെ ബി.ജെ.പി സംഘർഷവും ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് താക്കൂറിന്‍റെ ഗോഡ്‌സെ ദേശസ്‌നേഹി പരാമർശവുമാണ് അവസാനഘട്ടത്തിൽ ഏറെ ചർച്ചയായത്. വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവസാന ഘട്ടത്തിലെ പ്രമുഖൻ. മോദിയുടെ ജനസ്വീകാര്യത സംബന്ധിച്ചും അന്തിമഘട്ടത്തില്‍ ചോദ്യങ്ങളുയരുന്നു. പ്രധാനമന്ത്രിയായതിനുശേഷം നരേന്ദ്രമോദി ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ്. അതിലാകട്ടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് പ്രധാമന്ത്രി ചെയ്തത്. ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പ്.
ബിഹാറിലെ പട്നാ സാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സിറ്റിംഗ് എം.പിയാ ശത്രുഘൻ സിൻഹയുമാണ് ഏറ്റുമുട്ടുന്നത്. കേന്ദ്രമന്ത്രി രാംകൃപാൽ യാദവ്, മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാർ, ലാലുപ്രസാദ് യാദവിന്‍റെ മകൾ മിസാ ഭാരതി എന്നിവരും ജനവിധി തേടുന്നവരിൽ പ്രമുഖരാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോട് കൂടി തന്നെ വിവിധ ഏജൻസികൾ തയാറാക്കിയ എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.