ലോക്ഡൗണ്‍ ലംഘനം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ റിയാസ് മുക്കോളി ബാലാവകാശ കമ്മീഷന് പരാതി നല്‍കി

മലപ്പുറം : ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബാലാവകാശ കമ്മീഷന് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളിയാണ് പരാതി നല്‍കിയത്. മന്ത്രിക്കെതിരെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ട് 1960 വകുപ്പ് 41 (1) പ്രകാരം അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട മന്ത്രി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട പോത്തൻകോട് വെച്ച് തന്നെ യാതൊരു സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

സാലറി ചലഞ്ചിനെതിരെ പ്രതിഷേധിച്ച അധ്യാപക സംഘടന ജനറല്‍ സെക്രട്ടറി പ്രധാനാധ്യാപകനായ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം സ്വീകരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ 12 ഓളം വിദ്യാർത്ഥികൾ അടക്കം മുപ്പതോളം പേർ പങ്കെടുത്തു.

കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സാമൂഹ്യഅകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇതാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ലംഘിച്ചിരിക്കുന്നത്.

Comments (0)
Add Comment