ലോക്ക്ഡൗണിനെ തുടര്‍ന്ന്‌ ഹൈദരാബാദില്‍ കുടുങ്ങിയ വൃദ്ധദമ്പതികള്‍ക്ക്‌ പ്രതിപക്ഷ നേതാവിന്‍റെ സഹായഹസ്തം; ഭക്ഷണവും  താമസസൗകര്യവും വൈദ്യസഹായവും ലഭ്യമാക്കി

Jaihind News Bureau
Thursday, May 14, 2020

 

ലോക്ക്ഡൗണിനെ തുടര്‍ന്ന്‌ ഹൈദരാബാദില്‍ കുടുങ്ങിയ സീനിയര്‍ സിറ്റിസണ്‍സിന് സഹായമേകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പാലക്കാട്  സ്വദേശികളായ ചന്ദ്രന്‍-രമ ദമ്പതികള്‍ക്കാണ്  പ്രതിപക്ഷ നേതാവിന്‍റെ സഹായമെത്തിയത്.  അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൈയ്യിലുണ്ടായിരുന്ന പണവും മരുന്നും തീര്‍ന്നതോടെ ദുരിതത്തിലായ ഇരുവര്‍ക്കും പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ താമസസൗകര്യവും, ഭക്ഷണവും, അപ്പോളോ ആശുപത്രിയില്‍ വൈദ്യപരിശോധനയും തരപ്പെടുത്തി നല്‍കുകയായിരുന്നു.

സ്വകാര്യ ആവശ്യത്തിനായി ഹൈദരാബാദിലെത്തിയതായിരുന്നു ദമ്പതികള്‍.  സഹായത്തിനായി കേരളത്തിലെ ഉദ്യോഗസ്ഥരെയും, മന്ത്രിമാരേയും ബന്ധപ്പെട്ടെങ്കിലും  ഒരു സഹായവും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിപക്ഷനേതാവിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുന്നത്. മണിക്കൂറുകള്‍ക്കകം പ്രതിപക്ഷ നേതാവ് സഹായം ലഭ്യമാക്കി.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓപ്പറേഷന് വിധേയനായ ചന്ദ്രന് വൈദ്യ പരിശോധന അടിയന്തരമായി വേണ്ടി വന്നപ്പോഴാണ്  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ അതിനുവേണ്ട സൗകര്യങ്ങള്‍ തരപ്പെടുത്തി നല്‍കിയത്.  ഓപ്പറേഷന്‍റെ  ചെലവ് വഹിക്കുന്നതിന് വേണ്ട സംവിധാനവും പ്രതിപക്ഷ നേതാവ് ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഹൈദരാബാദിലെ മലയാളി അസോസിയേഷന്‍റെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാക്കാന്‍ പ്രതിപക്ഷനേതാവിന് സാധിച്ചു.