ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കണം: കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind News Bureau
Sunday, April 19, 2020
ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് മേഖലകളിലെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചപ്പോഴും റബ്ബര്‍ കര്‍ഷകരെ വിസ്മരിച്ചത് അംഗീകരിക്കാനാവില്ല.
റബ്ബര്‍ സ്ഥിരതാ ഫണ്ടില്‍ നിന്നും 150 രൂപ വീതം സപ്പോര്‍ട്ടിംഗ് പ്രൈസ് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും 2019 ഏപ്രില്‍ മുതല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം നല്‍കാതെ കബളിപ്പിക്കുന്നത് കടുത്ത ദ്രോഹമാണ്. റബ്ബര്‍ കര്‍ഷകര്‍കരെ സഹായിക്കുന്നതിനും സബ്സിഡിക്കും ഒക്കെയായി 300 കോടി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും റബ്ബര്‍ കര്‍ഷകരിലേക്കെത്തിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
 ലോക്ഡൗണ്‍ പ്രഖ്യപിക്കുന്നതിന് മുമ്പ് 57 കോടി രൂപ ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കാത്തതില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതിഷേധിച്ചു.ലോക്ഡൗണ്‍ മൂലം വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ അടിയന്തിരമായി ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.