ലോക്ഡൗൺ : എറണാകുളത്ത് പരിശോധനകള്‍ കർശനം ; അനാവശ്യ യാത്രക്കാർക്കെതിരെ നടപടി

Jaihind Webdesk
Saturday, May 8, 2021

 

കൊച്ചി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിൽ ലോക്ഡൗൺ പരിശോധനകൾ കർശനമാക്കി ജില്ലാ ഭരണകൂടം. രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങൾ എല്ലാം ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.

രാവിലെ മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യ യാത്രക്കാരെ അല്ലാതെ ആരെയും കടത്തിവിടുന്നില്ല. ജില്ലയിൽ നിയന്ത്രണം കർശനമായിരിക്കുമെന്നും അനാവശ്യ യാത്രക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ല കളക്ടർ എസ്.സുഹാസ് പറഞ്ഞു. നിലവിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും ഓക്സിജനും ആശുപത്രി കിടക്കകൾക്കും നിലവിൽ പ്രയാസങ്ങൾ ഇല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊവി​ഡ് ചി​കി​ത്സ​ക്കാ​യി ജി​ല്ല​യി​ല്‍ ആയിരിത്തി മുന്നൂറിലേറെ കിടക്കകൾ വിവിധ ആശുപത്രികളിലായി ഒഴിഞ്ഞ് കിടക്കുന്നുണ്ട്. കൊവി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ജി​ല്ല​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 3113 കി​ട​ക്ക​ക​ളാണ് ഒരുക്കിയിട്ടുള്ളത്. അതാവശ്യം ചില കടകൾ മാത്രമാണ് ജില്ലയിൽ തുറന്ന് പ്രവർത്തിക്കുന്നത്. ഹോട്ടലുകളിൽ ഹോം ഡെലിവറികൾക്ക് നിർദേശമുണ്ടെങ്കിലും ചുരുക്കം ചില ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലാ അതിർത്തികളിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.