സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടും ; കൂടുതൽ ഇളവുകൾ, മദ്യശാലകള്‍ തുറക്കില്ല

Jaihind Webdesk
Saturday, May 29, 2021

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടും. ജന ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതൽ ഇളവുകൾ അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തിൽ ധാരണയായെന്നാണ് വിവരം. കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പൊലീസും എല്ലാം ഉന്നത തലയോഗത്തിൽ എടുത്ത നിലപാട്.

കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകൾ അനുവദിച്ചേക്കും. പകുതി ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാണ് അനുമതി നൽകുക. അതേ സമയം മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയന്ത്രണങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് മുഖ്യമന്ത്രി നടത്തിയേക്കും.