കേരളത്തില്‍ ലോക്ക്ഡൗൺ ജൂണ്‍ 16 വരെ നീട്ടി

Jaihind Webdesk
Monday, June 7, 2021

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം 16 വരെ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് 10ൽ താഴെയെത്തിയ ശേഷം ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിച്ചാൽ മതിയെന്നാണ് വിദഗ്ധോപദേശം. എന്നാൽ രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്ക് വരുന്നതിനാലാണ് ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവുമുയർന്നു. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവും ഉയർന്നിരുന്നു. രണ്ടാം തരംഗത്തിൽ ടിപിആർ 30 ല്‍ നിന്ന് 15 ലേക്ക് കുറഞ്ഞെങ്കിലും പിന്നീട് കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് നിബന്ധനകൾ കർശനമാക്കിയത്.