തിരുവനന്തപുരത്ത് ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍; ഇളവുകള്‍ കണ്ടെയിൻമെന്‍റ് സോണുകളിൽ ഒഴികെ

Jaihind News Bureau
Wednesday, July 29, 2020

 

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകളിൽ ഇളവുകളൊന്നും ബാധകമായിരിക്കില്ലെന്നും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്‍റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുമെന്നും കളക്ടർ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം നല്‍കാന്‍ മാത്രം തുറക്കാനും അനുവദിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നിലൊന്നു ജീവനക്കാരെ വെച്ചു കൊണ്ട് പ്രവര്‍ത്തിക്കാം.

സ്വകാര്യസ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഈ രണ്ടുമേഖലയിലെയും മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാം. ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം. ഇവിടങ്ങളിലെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം. അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല.

കണ്ടെയ്ന്‍മെന്‍റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളിലേക്ക് ഹോം ഡെലിവറി അനുവദിക്കും. പകുതി യാത്രക്കാരുമായി പൊതുഗതാഗതം അനുവദിക്കും. ഓട്ടോ റിക്ഷ, ടാക്‌സി സര്‍വീസുകളും നടത്താനാകും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറക്കാം. ഈ കടകളില്‍ നാലു മണി മുതല്‍ ആറു മണി വരെയുള്ള സമയം മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി മാറ്റിവെക്കണം. ഈ സമയത്ത് അവര്‍ക്കു മാത്രം സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം തയ്യാറാക്കി കൊടുക്കണം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍,സലൂണുകള്‍, സ്പാ, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.സിനിമാ ഹാള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, ബാര്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. കൂട്ടം കൂടാന്‍ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല.