ലോക്ഡൗൺ: ഹൈദരാബാദിൽ കുടുങ്ങിയ 18 മലയാളികൾക്ക് സഹായവുമായി മലയാളി സംഘടനകൾ; ഇടപെടല്‍ ജയ്ഹിന്ദ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന്

Jaihind News Bureau
Thursday, March 26, 2020

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹൈദരാബാദിൽ കുടുങ്ങിയ 18 മലയാളികൾക്ക് സഹായവുമായി മലയാളി സംഘടനകൾ രംഗത്തെത്തി. സി ടി ആർ എം എ യും  ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ പ്രവർത്തകരുമാണ് സഹായവുമായി എത്തിയത്. നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നത് വരെ  സംഘത്തിന് താമസ സൗകര്യവും ഭക്ഷണവും ഇവര്‍  ഒരുക്കിട്ടുണ്ട്.

ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മലയാളി യുവാക്കൾ ഹൈദരാബാദിൽ കുടുങ്ങിയ വാർത്ത ജയ്ഹിന്ദ് ന്യൂസാണ് പുറത്തു വിട്ടത്. കണ്ണൂര്‍, പത്തനംതിട്ട, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്.  മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലേക്ക് മടങ്ങാനായി ബസ് മാർഗം ഹൈദരാബാദിൽ എത്തുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലേക്ക് വരാനായി  വിമാന ടിക്കറ്റ് എടുത്തെങ്കിലും ഫ്ലൈറ്റ് ക്യാൻസൽ ആയി. ഹൈദരാബാദ് വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജിൽ കഴിയുന്ന ഇവരോട് ഒഴിഞ്ഞ് പോകാൻ ലോഡ്‌ജ് അധികൃതരും  ആവശ്യപ്പെട്ടതോടെ ദുരിതത്തിലാകുകയായിരുന്നു.

കേരള, തെലങ്കാന സർക്കാരുകളുമായി ബന്ധപ്പെട്ട സി ടി ആർ എം എ യുടെയും, ഐയ്മയുടെയും പ്രവർത്തകർ ഇവരെ നാട്ടിലെത്തിക്കാനായി ശ്രമിച്ചു. എന്നാൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺപ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള ഇവരുടെ യാത്ര മുടങ്ങി. തുടര്‍ന്നാണ്  നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നത് വരെ  സംഘത്തിന് താമസ സൗകര്യവും ഭക്ഷണവും ഇവര്‍  ഒരുക്കി നല്‍കിയത്. കൊവിഡ് ഭീതിക്കിടെ ആശ്വാസകരമായ പ്രവൃത്തിയാണ് തെലങ്കാനയിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നിരിക്കുന്നത്.